അവസാനയാളെ കണ്ടെത്തുന്നതുവരെ തിരച്ചില്‍ ;മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും:പ്രതിരോധ മന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചുകടന്നുപോയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി. മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെത്തിയ മന്ത്രി പൂന്തുറയിലും സന്ദര്‍ശനം നടത്തും.

സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്ന പ്രതിരോധമന്ത്രി രക്ഷാപ്രവര്‍ത്തന നടപടിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തേക്കും. അതിനിടെ, നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിനിടെ കടലില്‍ നിന്ന് രക്ഷപെട്ട് മഹാരാഷ്ട്ര തീരത്ത് എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.ഇതിനായി ക്രൈംബ്രാഞ്ച് എസ്.പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ, വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയെ രോഷാകുലരായാ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.അതേസമയം, ലക്ഷദ്വീപ് തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ദുര്‍ബലമായി. കാറ്റി??െന്റ ശക്തി ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി??െന്റ അറിയിപ്പ്. അമിനി ദ്വീപില്‍ നിന്ന് 520 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് വീശുന്ന കാറ്റ് ഗുജറാത്ത് മഹാരാഷ്ട്ര തീരത്തേക്കാണ് നീങ്ങുന്നത്. ഇവിടങ്ങളില്‍ അടുത്ത 48 മണിക്കുര്‍ നേരത്തേക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. ഗുജറാത്ത് മഹാരാഷ്ട്ര തീരങ്ങളില്‍ അടുത്ത 48 മണിക്കുര്‍ നേരത്തേക്ക് 70 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.