തൊഴിലാളികള്‍ മതിയെന്നു പറയുന്നതുവരെ തിരച്ചില്‍ ; മുന്നറിയിപ്പു വൈകിയതിനെക്കുറിച്ചു വിവാദം വേണ്ട: നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് 28ന് കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. മുന്നറിയിപ്പു വൈകിയതിനെക്കുറിച്ചു വിവാദം വേണ്ട. ഇതേക്കുറിച്ചു പരസ്പരം പഴിചാരേണ്ടതില്ല. മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. ഫിഷറീസ് മന്ത്രാലയം എന്ന ആവശ്യം പരിഗണിക്കുമെന്നും പ്രതിരോധമന്ത്രി ഉറപ്പുനല്‍കി. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികള്‍ മതിയെന്നു പറയുന്നതുവരെ തിരച്ചില്‍ തുടരും. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മല്‍സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഉറപ്പ് നല്‍കുന്നു. എല്ലാ സന്നാഹവും ഉപയോഗിച്ചുള്ള തിരച്ചിലാണു നടത്തുന്നത്. മല്‍സ്യത്തൊഴിലാളികളെയും തിരച്ചിലിന്റെ ഭാഗമാക്കാന്‍ തയാറാണ്. കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോഴത്തേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.ഇന്നു രാവിലെയാണ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്. സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്ന പ്രതിരോധമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്‌തേക്കും. നേരത്തേ, നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ കെ.വാസുകി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പൂന്തുറയിലെത്തിയ മന്ത്രി നിര്‍മല സീതാരാമന്‍ പള്ളി വികാരിയുമായും ജനങ്ങളുമായും കൂടിക്കാഴ്ച നടത്തി. പൂന്തുറയില്‍ ഒന്നിച്ചുകൂടിയിരുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങളും അവര്‍ നേരിട്ടുകേട്ടു. അതിനിടെ, നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പൂന്തുറയില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്. മന്ത്രിമാര്‍ ഉടന്‍തന്നെ മടങ്ങണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടായിട്ടും ഇവിടെ മന്ത്രിമാര്‍ സന്ദര്‍ശിച്ചില്ല എന്നാരോപിച്ചാണു പ്രതിഷേധം.