രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നീണ്ട 19 വര്‍ഷം അധ്യക്ഷസ്ഥാനത്തിരുന്ന സോണിയാഗാന്ധി ആരോഗ്യപരമായ കാരണങ്ങളാലാണ് പദവിയൊഴിയുന്നത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ സന്ദർശിച്ച ശേഷമാണ് രാഹുൽ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയത്. മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിക്കുക. പത്രിക നൽകാനുള്ള സമയം ഇന്നു മൂന്നിന് അവസാനിക്കും. എതിരാളികൾ ആരുമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലായതിനാൽ മുതിർന്ന നേതാവ് എ.കെ.ആന്റണി എത്തിയില്ല.

ഇതിനകം 90 നാമനിർദേശ പത്രികകൾ വിതരണം ചെയ്‌തതായി മുല്ലപ്പള്ളി പറഞ്ഞു. ആരും സ്‌ഥാനാർഥിയെ നിർദേശിച്ച് പത്രിക നൽകിയിട്ടില്ല. ആവേശത്തിന്റെ പേരിൽ കൂടുതൽ പത്രികകൾ നൽകി നടപടികളുടെ ഗൗരവം ചോർത്തരുതെന്നു മുല്ലപ്പള്ളി നിർദേശിച്ചിട്ടുണ്ട്. പത്രികകൾ വളരെ സൂക്ഷിച്ചു പൂരിപ്പിക്കണമെന്നും തെറ്റുകളും വെട്ടിത്തിരുത്തുമുള്ളവ നിർദാക്ഷിണ്യം തള്ളുമെന്നും മുഖ്യ വരണാധികാരി വ്യക്‌തമാക്കി.പി.സി.ചാക്കോ, കെ.സി.വേണുഗോപാൽ, മുകുൽ വാസ്‌നിക്, കപിൽ സിബൽ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ ഞായറാഴ്ച പാർട്ടി ആസ്‌ഥാനത്ത് മുല്ലപ്പള്ളിയുമായി കൂടിക്കാഴ്‌ച നടത്തി. ചൊവ്വാഴ്ച രാവിലെ 11നാണു സൂക്ഷ്‌മപരിശോധന. പതിനൊന്നാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. രാഹുൽ മാത്രമാണു സ്‌ഥാനാർഥിയെങ്കിൽ അന്നുതന്നെ ഫലം പ്രഖ്യാപിച്ചേക്കും.

കോൺഗ്രസ് അധ്യക്ഷസ്‌ഥാനത്തേക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 പത്രികകളാണു ലഭിച്ചത്. എല്ലാ പത്രികയിലും സ്‌ഥാനാർഥി ഒപ്പുവയ്‌ക്കണം. അതുകൊണ്ടുതന്നെ രാഹുലിന് ഇന്ന് ഒപ്പുവയ്‌ക്കലിന്റെയും ദിവസമാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം എത്തുന്നുണ്ട്. ഇന്നാണ് എല്ലാവരും പത്രിക നൽകാൻ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും ഞായറാഴ്ച എഐസിസി ആസ്‌ഥാനത്തു നേതാക്കളുടെ തിരക്കായിരുന്നു.