കടലില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ചു

പൊന്നാനി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ച് പൊന്നാനി തീരത്തെത്തിച്ചു.പന്ത്രണ്ടോളം ദിവസമാണ് ഇവര്‍ കടലില്‍ കുടുങ്ങിയത്. കഴിഞ്ഞ മാസം 23ന് കുളച്ചലില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോവനല്‍ എന്ന ബോട്ടാണ് കടലിലകപ്പെട്ടത്.തമിഴ്‌നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊന്നാനി തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടത്. തുടര്‍ന്ന് തീരദേശ പൊലിസുമായി ബന്ധപ്പെടുകയും തൊഴിലാളികളെ കരക്കെത്തിക്കുകയുമായിരുന്നു. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.

രാവിലെ പട്രോളിങ്ങിനിറങ്ങിയ ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടാണ് കടലിലകപ്പെട്ട ബോട്ടിനെയും തൊഴിലാളികളെയും കരക്കെത്തിച്ചത്.തമിഴ്‌നാട് പള്ളവിള സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. പന്ത്രണ്ടു ദിവസം മുന്‍പ് മത്സ്യബന്ധനത്തിനു പുറപ്പെട്ട ഇവര്‍ മൂന്നുദിവസം മുന്‍പാണ് കടലിന്റെ മാറ്റത്തെക്കുറിച്ച് അറിഞ്ഞത്.