കടല്‍ക്ഷോഭമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത് നാല് തവണ

ന്യൂഡല്‍ഹി: കേരളത്തിന്റെ തെക്കൻ മേഖലകളിൽ കൊടുങ്കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നു മുന്നറിയിപ്പു സന്ദേശങ്ങള്‍ നാലു തവണ സംസ്ഥാന സര്‍ക്കാരിനു നല്‍കിയതിനു പുറമെ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഫോണിലും സംസ്ഥാന സര്‍ക്കാരില്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി എം.രാജീവന്‍ അറിയിച്ചു.കേരള സര്‍ക്കാരിന് യഥാസമയം മുന്നറിയിപ്പു ലഭിച്ചിരുന്നില്ലെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള ബുള്ളറ്റിനുകള്‍ പരിശോധിച്ചിരുന്നു. തിരുവനന്തപുരത്തു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സുദേവന്‍, ഫോണില്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് അറിയിപ്പു നല്‍കിയിരുന്നതായും വ്യക്തമായി.

തമിഴ്‌നാട്ടിലെയും തെക്കന്‍ കേരളത്തിലെയും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന ആദ്യ മുന്നറിയിപ്പ് 29നു രാവിലെ 11.50 നാണു നല്‍കിയത്. സാധാരണ കാലാവസ്ഥാ റിപ്പോര്‍ട്ടായല്ല, പ്രത്യേക ബുള്ളറ്റിനുകളായാണു മുന്നറിയിപ്പു സന്ദേശങ്ങള്‍ നല്‍കിയതെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ബാധ്യസ്ഥവുമായിരുന്നു. ന്യൂനമര്‍ദത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളടക്കമായിരുന്നു മുന്നറിയിപ്പുകള്‍. കേരള ചീഫ് സെക്രട്ടറിക്കും ലക്ഷദ്വീപ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉള്‍പ്പെടെയാണു സന്ദേശം നല്‍കിയത്.