ഒരാള്‍ കൂടി മരിച്ചു;ഓഖിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 32

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.തിരുവനന്തപുരം പുല്ലുവിള സ്വദേശി രതീഷ്(30) ആണ് മരിച്ചത്. രതീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് മരണം സംഭവിച്ചത്. ഇതോടെ ഓഖിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 32 ആയി.ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 544 പേരെ തിങ്കളാഴ്ച രക്ഷിച്ചു. 92 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച നാലുമൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ്, സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.വിഴിഞ്ഞം സ്വദേശി വിക്ടര്‍ (37), ആര്യങ്കാവ് സ്വദേശി രാജീവ്, വിശ്വനാഥന്‍ (പുനലൂര്‍), കാസര്‍കോട് ഹോസ്ദുര്‍ഗ് വില്ലേജിലെ സുനില്‍കുമാര്‍ (30), കണ്ണൂര്‍ തയ്യില്‍ സ്വദേശി പവിത്രന്‍ (55), എറണാകുളം ചെല്ലാനം സ്വദേശികളായ റെക്‌സണ്‍, ട്രീസാമ്മ, കന്യാകുമാരി സ്വദേശി സുബ്ബയ്യ, എന്നിവരുടെ മൃതദേഹവവും തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരത്ത് 11 പേരുടെയും കൊല്ലത്ത് ഒരാളുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ഡി. എന്‍.എ., വിരലടയാള പരിശോധനാ നടപടികള്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തും. കാണാതായവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ. പരിശോധനയും നടത്തും.
41 പേര്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലുണ്ട്. 25.78 കോടിയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളത്. 74 വീടുകള്‍ പൂര്‍ണമായും 1,122 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1231.73 ഹെക്ടറിലെ കൃഷി നശിച്ചു. 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 1445 പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്.

512 തൊഴിലാളികളെ തീരസംരക്ഷണ സേന ഗുജറാത്തിലെ വെരാവലില്‍ എത്തിച്ചതായി സര്‍ക്കാരിന് വിവരം ലഭിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ളവരാണിവര്‍.വിഴിഞ്ഞം, പൊഴിയൂര്‍, വലിയതുറ സ്വദേശികളായ 11 പേരെ നാവികസേന കൊച്ചിയിലെത്തിച്ചു.

ഒന്‍പത് തൊഴിലാളികളുമായി ഐലന്‍ഡ് ക്യൂന്‍ എന്ന ബോട്ട് കവരത്തിയിലെത്തിയതായി തീരസംരക്ഷണസേനയ്ക്ക് വിവരം ലഭിച്ചു. രണ്ടാഴ്ച മുമ്പ് കൊച്ചിയില്‍നിന്നുപോയ ബോട്ടാണിത്.കേരളത്തില്‍നിന്നുള്ള 103 മത്സ്യത്തൊഴിലാളികള്‍ കര്‍ണാടകത്തിലെ കാര്‍വാറിലും 32 പേര്‍ ലക്ഷദ്വീപിലും ഉള്ളതായി സ്ഥിരീകരണം.

കുളച്ചലില്‍നിന്നുള്ള 12 തൊഴിലാളികളെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു. കുളച്ചലിലേക്ക് പോകുന്നതിനിടെ ഗോവ തീരത്തുനിന്നാണ് തീരസംരക്ഷണ സേന ഇവരെ രക്ഷിച്ചത്. പേരുവിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി.ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. 29നാണ് ന്യൂനമര്‍ദം രൂപപ്പെട്ടതായുള്ള ആദ്യ മുന്നറിയിപ്പുവന്നത്. കാറ്റിന്റെ വേഗം കൂടിയവിവരം ഓരോഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന് കൈമാറി. സര്‍ക്കാരിനെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്താനാവില്ലെന്ന് അവര്‍ പറഞ്ഞു.