രാജ്ഘട്ടില്‍ സംഭാവന പെട്ടി സ്ഥാപിച്ചതിനെതിരേ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ സംഭാവന പെട്ടി സ്ഥാപിച്ചതിനെതിരേ ഡല്‍ഹി ഹൈക്കോടതി. ഇത് തീര്‍ത്തും അപമര്യാദയാണെന്ന് ചീഫ് ജസ്റ്റിസ് ജിയ മിട്ടാല്‍, ജസ്റ്റിസ് സി. ഹരി ശങ്കര്‍ എന്നിവര്‍ പറഞ്ഞു.ഗാന്ധി സമാധി സ്മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാല്‍പ്പര്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജിയില്‍ ജനുവരി 30ന് വീണ്ടും വാദം കേള്‍ക്കും. അതിനു മുമ്പ് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ശ്യാം നാരായണ്‍ എന്നയാണ് ഗാന്ധി സ്മാരകത്തിന്റെ സംരക്ഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് പൊതുതാല്‍പ്പര്യഹരജി നല്‍കിയത്.

രാഷ്ട്രപിതാവിന്റെ സമാധിസ്ഥലം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് മുമ്പില്‍ ഇങ്ങനെയാണ് രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കുന്നതെങ്കില്‍ അവര്‍ ഇന്ത്യക്കാരുടെ സംസ്‌കാരത്തെ തെറ്റായാണ് വിലയിരുത്തുക. സമാധിസ്ഥലം എല്ലാ ബഹുമാനവും അര്‍ഹിക്കുന്ന ഇടമാണെന്നും ബന്ധപ്പെട്ടവര്‍ കൃത്യമായി സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

ആരാണ് സംഭവനപ്പെട്ടി സ്ഥാപിച്ചതെന്നും ഇതിലെത്തുന്ന പണം ആരിലേക്കാണ് എത്തുകയെന്നത് അറിയിക്കണമെന്നും കോടതി സ്മാരകത്തിന്റെ ചുമതലയുള്ള രാജ്ഘട്ട് സമാധി സമിതിയോട് ആവശ്യപ്പെട്ടു. രാജ്ഘട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.