15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന രക്ഷപ്പെടുത്തി

കോഴിക്കോട്: ഊഖിയിൽ അകപ്പെട്ട 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന രക്ഷപ്പെടുത്തി. ഇവരെ ഹെലികോപ്റ്ററില്‍ കവരത്തിയില്‍ എത്തിക്കും. കോഴിക്കോട് ഭാഗത്ത് പുറംകടലില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

അതേസമയം ഓഖി ദുരന്തത്തില്‍പ്പെട്ട മൂന്ന് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ആലപ്പുഴ പുറങ്കടലില്‍ നിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ അഴീക്കല്‍ തീരത്തെത്തിക്കും. രണ്ട് മൃതദേഹങ്ങള്‍ തീരസേനയും കണ്ടെടുത്തു. ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് മൃതദേഹങ്ങള്‍ എത്തിക്കും.

കടലിൽ 100 നോട്ടിക്കൽ മൈൽ അകലെ ഒഴുകിനടന്ന മൃതദേഹങ്ങളാണ് തീരസേനയുടെ വൈഭവ് കപ്പല്‍ കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളുമായി ചേർന്നു തീരരക്ഷാസേനയും നാവികസേനയും മൂന്നു രാപകൽ തുടർച്ചയായി തിരച്ചിൽ ആരംഭിച്ചതിനു പിന്നാലെയാണിത്.
ഓഖി ദുരന്തബാധിതർക്കു സർക്കാർ 150 കോടിയോളം രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. മരിച്ച മൽസ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ നൽകാനാണ് മന്ത്രിസഭാ തീരുമാനം. ഓഖി കേരളം നേരിട്ട അപ്രതീക്ഷിത ദുരന്തമാണെന്നും ഇത്രയും ശക്തമായ ചുഴലി നൂറ്റാണ്ടിൽ ആദ്യമായാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, മുന്നറിയിപ്പ് നേരത്തേ കിട്ടിയില്ലെന്നും വ്യക്തമാക്കി.

അതേസമയം ഓഖി ചുഴലിക്കാറ്റ് വീശി ഒരാഴ്ചയാകുമ്പോളും കാണാതായവരുടെ എണ്ണത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇനി 92 പേരെയാണ് കണ്ടെത്താനുള്ളതെന്ന് സർക്കാർ പറയുമ്പോൾ അതിന്റെ മൂന്നിരട്ടിയിലേറെപ്പേർ കടലിൽ കുടുങ്ങിയെന്നാണ് ലത്തീൻ സഭയും തീരദേശക്കാരും വ്യക്തമാക്കുന്നത്. അതേ സമയം വിവിധ സേനാ വിഭാഗങ്ങള്‍ ഉൾക്കടലിൽ തിരച്ചില്‍ നടത്തുകയാണ്.

വീടുകൾ കയറിയിറങ്ങി ലത്തീൻ സഭ ശേഖരിച്ച കണക്ക് പ്രകാരം 247 പേർ തിരികെയെത്താനുണ്ട്. ഇതിൽ 106 പേരാണ് ഓഖി ദുരന്തമുണ്ടായ 29 ,30 തീയതികളിൽ കടലിൽ പോയവരാണ്. ബാക്കി 141 പേർ ദിവസങ്ങൾക്ക് മുൻപ് വലിയ ബോട്ടുകളിലും മറ്റും പോയവരാണ്.

ഇവരെ കുറിച്ചും ഇത്രയും ദിവസമായിട്ട് ഒരു വിവരവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വലിയ ബോട്ടുകളിൽ പോയവരുടെ കണക്ക് ഉൾപ്പെടുത്താൻ സർക്കാർ തയാറാകാത്തതാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. അതേ സമയം മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കപ്പലിലുള്ള തിരച്ചിൽ നൂറ് നോട്ടിക്കൽ മൈലിനപ്പുറമുള്ള ഉൾക്കടലിൽ പുരോഗമിക്കുന്നുണ്ട്. കന്യാകുമാരിയിലെ മൽസ്യത്തൊഴിലാളികളുടെ അഭ്യർത്ഥന പ്രകാരം വ്യോമസേനയുടെ മൂന്ന് നിരീക്ഷണ വിമാനവും ഒരു ഹെലികോപ്റ്ററും ഇന്നലെ തിരച്ചിലിൽ അധികകമായി പങ്കെടുത്തു. അതേ സമയം ചുഴലിക്കാറ്റിൽ ഇതുവരെ സംസ്ഥാനത്ത് 40 കോടിയുടെ കൃഷി നാശമുണ്ടായെന്ന് സർക്കാർ അറിയിച്ചു. ഒാഖി ചുഴലിക്കാറ്റില്‍പ്പെട്ട് കോഴിക്കോട് തങ്ങുന്ന ലക്ഷദ്വീപുകാരുടെ അവസാനസംഘം ഇന്ന് നാട്ടിലേക്ക് മടങ്ങും.

അതേസമയം കാണാതായവർ 92 എന്ന കണക്കിലെ പിശകു മനസ്സിലാക്കി സർക്കാർ വീണ്ടും കണക്കെടുപ്പു തുടങ്ങി. വില്ലേജ് ഓഫിസർമാർ നേരിട്ടെത്തി വിവരം ശേഖരിച്ചു പുതിയ പട്ടികയുണ്ടാക്കാൻ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശിച്ചു. 92 പേരെന്നു സർക്കാർ ആവർത്തിച്ചെങ്കിലും തിരുവനന്തപുരത്തു മാത്രം 174 പേരെ കാണാതായെന്നാണു ലത്തീൻ അതിരൂപതയുടെ കണക്ക്. ഇതിൽ ചെറുവള്ളങ്ങളിൽ പോയ 103 പേരുടെ കാര്യത്തിൽ ആശങ്ക വർധിക്കുകയാണ്.