കാനഡയിലും മലയാളികൾക്ക് ഗുരുവായൂരപ്പൻ ക്ഷേത്രം

നോർത്ത് അമേരിക്കയിലെ മലയാളീ ഹിന്ദുക്കൾക്ക് അഭിമാനമായി ഒരു ക്ഷേത്രം കൂടി .ഹ്യുസ്റ്റണിലെയും ഡാലസിലെയും ക്ഷേത്രങ്ങൾക്കു ശേഷം കാനഡയിലും മലയാളികൾക്ക് സ്വന്തം ക്ഷേത്രം .കാനഡയിലെ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രതിഷ്ഠ് ചടങ്ങുകൾ പൂർത്തിയായി
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കാനഡയിലെ മലയാളികളുടെ സ്വപ്നമായ ഈ മലയാളത്തനിമയുള്ള വിശേഷപ്പെട്ട ക്ഷേത്രം സാക്ഷാത്ക്കരിക്കപ്പെടുന്നു.

2017 നവംബര്‍ 23, 24, 25, 26 തിയ്യതികളിൽ ഇപ്പോഴത്തെ താത്കാലിക കെട്ടിടത്തില്‍ നിന്നും വളരെ വിശേഷപ്പെട്ട പൂജകളോടും ക്രിയകളോടും കൂടി വളരെ പ്രത്യേകതയാർന്ന, കേരള വാസ്തുശാസ്ത്രപ്രകാരവും ശൈലിയിലും ഉള്ള 2580, Countryside Drive, ബ്രാംപ്ടണിൽ നിർമ്മിച്ച കെട്ടിടത്തിലേക്ക് ഗുരുവായൂരപ്പന്റെ ചരപ്രതിഷ്ഠ പുനഃസ്ഥാപിച്ചു. തന്ത്രി ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതി പൂജ, ഗണപതി ഹോമം, പുണ്യാഹം, അദ്‌ഭുത ശാന്തി , അനുജ്ഞ , ഖനനാദി, നവകം (കലശം), പ്രതിഷ്ഠ, അഭിഷേകം, മഹാ സുദർശന ഹോമം എന്നീ പ്രത്യേക പൂജകൾക്കും ക്രിയകൾക്കും പുറമെ പ്രഭാഷണം, ഭജന, നാമജപം, അഖണ്ഡ നാമം, കഥകളി, നൃത്തങ്ങൾ, എന്നീ പരിപാടികളും ഈ നാലു ദിവസങ്ങളിൽ ഉണ്ടായിരുന്നു.

ചരപ്രതിഷ്ഠക്കു ശേഷം കേരള ക്ഷേത്ര വാസ്തുശാസ്ത്രത്തിലുള്ള ശ്രീകോവിലുകൾ നിർമ്മിക്കാനായി തിരുനാവായ ഷണ്മുഖനും അദ്ദേഹത്തിന്റെ കൂടെ ക്ഷേത്ര നിർമ്മാണത്തിൽ നിപുണന്മാരായ നാലു പേരും (സതീഷ് കുമാർ , ശശി, സന്തോഷ് കുമാർ, രഞ്ജിത്) നവംബര്‍ ആദ്യ വാരം കേരളത്തിൽ നിന്നും കാനഡയിൽ എത്തിക്കഴിഞ്ഞു.

കാനഡായിലെ ഒന്റാറിയോ പ്രദേശത്തുള്ള ബ്രാംപ്ടണിലാണ് ക്ഷേത്രം പണിയുന്നത്. ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി പ്രധാന ശാന്തിയും ഏറയുര്‍ മനോജ് നമ്പൂതിരി ശാന്തിയും ആണ്. ക്ഷേത്രത്തിന്റെ ഭരണാധികാര സമിതിയുടെ അധ്യക്ഷന്‍ ഡോ.കരുണാകരന്‍കുട്ടിയുടെ നേതൃത്വത്തില്‍ മലയാളികള്‍ പങ്കു ചേരുന്നതാണ്. കൃഷ്ണശിലയിലുള്ള വിഗ്രഹങ്ങളും പീഠങ്ങളും സോപാനവും കട്ടളയും ബലിക്കല്ലുകളും കേരളത്തില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

ഭക്തജനങ്ങള്‍ തൊട്ടു ഭജിച്ചു കൊണ്ട് അര്‍പ്പിച്ച ഇഷ്ടികകളാണ് ക്ഷേത്രത്തിന്റെ കെട്ടിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെതന്നെ ലക്ഷക്കണക്കിന് നാമം കൊണ്ട് സ്പര്‍ശിച്ച നവര നെല്ല് നിറച്ച താഴികക്കുടമായിരിക്കും ഗുരുവായൂരപ്പന്റെ ശ്രീകോവിലിനു മുകളില്‍ സ്ഥാപിക്കുക.