നരേന്ദ്രമോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്നില്‍ താന്‍ ആരോടും ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തില്ല. മോദി ആരോപിക്കുന്നത് പോലെ വിരുന്നില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചൊന്നും സംസാരിച്ചില്ലെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. മോദിയുടെ ആരോപണം മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുന്‍ സൈനിക തലവനെയും അധിക്ഷേപിക്കുന്നതിന് സമാനമാണെന്നും മന്‍മോഹന്‍ സിങ് പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

പരാമര്‍ശങ്ങള്‍ക്ക് മോദി രാജ്യത്തോട് മാപ്പ് പറയണം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് മോദി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പൊതു പ്രവര്‍ത്തകനായ തന്റെ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.