‘നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ കല്യാണത്തിന് വിളിക്കാതെ ചെന്നത് ആരാണ്? :മോദിക്ക് കോണ്‍ഗ്രസിന്റെ മറുപടി

ന്യൂഡല്‍ഹി: വിളിക്കാത്ത കല്യാണത്തിന് പാകിസ്താനില്‍ ഷെരീഫിന്റെ വീട്ടില്‍ പോയതാരാണെന്ന മറുചോദ്യവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാകിസ്താനുമായി സഹകരിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു.ഈ വിമര്‍ശനത്തിന് കോണ്‍ഗ്രസിന്റെ മറുപടിയായിരുന്നു ഇത് .പത്താന്‍കോട്ടിലേക്ക് പാക്ക് ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്കടക്കം പ്രവേശനം നല്‍കിയ ബിജെപിയാണ് ശരിക്കും പാകിസ്താന്‍ സ്‌നേഹികളെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

”ഉദ്ദംപൂരിലേയും ഗുര്‍ദാസ്പൂരിലെയും ആക്രമണങ്ങള്‍ക്ക് ശേഷം നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ കല്യാണത്തിന് വിളിക്കാതെ പോയത് ആരാണ്?, അപ്പോള്‍ ആര്‍ക്കാണ് പാകിസ്താനോട് സ്‌നേഹമെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം”, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. പാകിസ്താനില്‍ നിന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പത്താന്‍കോട്ടിലേക്ക് കയറ്റിയതാരെന്ന് ചോദിക്കേണ്ടിവരുമെന്നും സുര്‍ജേവാല ആരോപിച്ചു.

ഗുജറാത്തിലെ ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി സഹകരിക്കുന്നെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തില്‍ കോണ്‍ഗ്രസിന്റെയും പാകിസ്താന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്നായിരുന്നു മോദിയുടെ ആരോപണം. പ്രധാനമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്റെ വയസിനും അനുഭവത്തിനും ചേര്‍ന്നതല്ലെന്നും സുര്‍ജേവാല പ്രതികരിച്ചു. ഗുജറാത്തില്‍ ബിജെപിയുടെ അവസ്ഥ പരിതാപകരമാകുമെന്ന ഭയം മോദിക്കുണ്ട്. അതുകൊണ്ടാണ് മോദി തലയും വാലുമില്ലാത്ത ആരോപണങ്ങളുമായി വരുന്നതെന്നും സുര്‍ജേവാല വ്യക്തമാക്കി.