ലത്തീന്‍ കത്തോലിക്കരായ മത്സ്യത്തൊഴിലാളികളുടെ ദുരന്തത്തില്‍ മറ്റു ക്രൈസ്തവ സഭകള്‍ കാഴ്ചക്കാരായി നില്‍ക്കുന്നത്‌ എന്തു കൊണ്ട്‌?

ടൈറ്റസ്‌ കെ.വിളയില്‍

മുക്കുവരെന്ന്‌ മുദ്രകുത്തി,നിസ്സാരരായി ,പാര്‍ശ്വവത്ക്കരിക്കപ്പെടേണ്ടവരല്ല മത്സ്യത്തൊഴിലാളികള്‍.2015- 16 വര്‍ഷത്തെ കണക്കുപ്രകാരം മത്സ്യമേഖലയില്‍ നിന്ന്‌ ഇന്ത്യയില്‍ ഉണ്ടായ കയറ്റുമതി വരുമാനം 37871 കോടി രൂപയാണ്‌. ഇതില്‍ 6000 കോടി രൂപയും കേരളത്തില്‍ നിന്നാണ്‌. വിദേശമലയാളികള്‍ കഴിഞ്ഞാല്‍ കേരളത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ വിദേശനാണ്യം എത്തിക്കുന്ന മേഖലയാണ്‌ മത്സ്യബന്ധന മേഖല.ഇന്ത്യയുടെ മൊത്തം തീരദേശ മേഖലയില്‍ നിന്ന്‌ 7.5 ശതമാനം മാത്രമാണ്‌ കേരളത്തിനുള്ളത്‌. എന്നാല്‍ ഇന്ത്യയുടെ മത്സ്യമേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ 17 ശതമാനത്തിലധികവും കേരളത്തില്‍ നിന്നാണ്‌.സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 8.8 ശതമാനം സംഭാവന ചെയ്യുന്നത്‌ മത്സ്യബന്ധന മേഖലയാണ്‌.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ആകെ എണ്ണം 10,01,625 ആണ്‌. ഇതില്‍ കടല്‍ മത്സ്യ മേഖലയിലുള്ളവര്‍ 7,71,249 ഉം ഉള്‍നാടന്‍ മത്സ്യ മേഖലയിലുള്ളവര്‍ 2,60,327 ഉം ആണ്‌. സമുദ്രമേഖലയിലെ പുരുഷന്മാര്‍ 3,02,140 ഉം സ്ത്രീകള്‍ 2,70,624 ഉം കുട്ടികള്‍ 1,98,484 ഉം ഉള്‍നാടന്‍ മത്സ്യമേഖലയില്‍ ഇവ യഥാക്രമം 89439, 86085, 54798 എന്നിങ്ങനെയാണ്‌. (അവലംബം ഫിഷറീസ്‌ ഡയറക്ടറേറ്റ്‌ സാമ്പത്തിക അവലോകനം റിപ്പോര്‍ട്ട്‌ 2014)

കടലില്‍ പോയി മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ ഒരു ശതമാനം ചെറുവള്ളങ്ങളിലും 17 ശതമാനം വഞ്ചികളിലും 82 ശതമാനം പേര്‍ ബോട്ടുകളിലും ആണ്‌ മത്സ്യബന്ധനം നടത്തുന്നത്‌.ഓഖി ദുരന്തത്തിന്നിരയായവര്‍ ചെറുവള്ളങ്ങളിലും വഞ്ചികളിലും കടലില്‍ പോയവരാണ്‌.കടലില്‍ കാണാതായ വേണ്ടപ്പെട്ടവര്‍ എത്രയും പെട്ടെന്ന്‌ തിരിച്ചെത്തണമേയെന്ന പ്രാര്‍ഥനയോടെ ഏതെങ്കിലും വള്ളമോ ബോട്ടോ വരുന്നുണ്ടോ എന്നു കടലിലേയ്ക്ക്‌ നോക്കി കാത്തിരിക്കുകയാണ്‌ വിഴിഞ്ഞം,പൂന്തുറ,പൊഴിയൂര്‍ തീരങ്ങള്‍.

വിഴിഞ്ഞം, പൂന്തുറ, അടിമലത്തുറ, ചെറിയതുറ എന്നീ സ്ഥലങ്ങളിലാണ്‌ ഓഖി ദുരന്തം ‘കേന്ദ്രീകരിച്ചത്‌’. അവിടങ്ങളില്‍ നിന്നാണ്‌ കൂടുതല്‍ പേര്‍ മീന്‍പിടിക്കാന്‍ പോയത്‌. മിക്കവാറും പേര്‍ മരിച്ചതും ഈ ഗ്രാമങ്ങളില്‍ നിന്നാണ്‌.നൂറിലേറെ കുടുംബങ്ങളുടെ അന്നത്തിനു വഴിയുണ്ടാക്കുന്ന പുരുഷന്മാര്‍ കടലില്‍ നിന്ന്‌ തിരിച്ചു വന്നിട്ടില്ല. ഒരുപാടുപേരുടെ ജീവിതപങ്കാളികള്‍ ഇല്ലാതായി. ഒരുപാട്‌ കുഞ്ഞുങ്ങള്‍ അനാഥരായി. സേനേഹരഹിതമായ, അനാഥമായ ജീവിതമാണിനി ഈ തീര ദേശങ്ങളില്‍.

വിദ്യാഭ്യാസം,ഉദ്യോഗം,വിവാഹം,പേരിടല്‍,മരണാനന്തര കര്‍മ്മങ്ങള്‍ ഇവയെ ജാതിയുടെയും മതത്തിന്റേയും ഉള്ളില്‍ നിന്ന്‌ മാത്രം സമീപിക്കുന്നവരാണ്‌ മലയാളികള്‍ .അതു കൊണ്ട്‌ ഓഖി ദുരന്തത്തിനിരയായവരേയും അങ്ങനെ വിലിയയിരുത്തേണ്ടി വരുന്നു.ലത്തീന്‍ കത്തോലിക്ക സഭാവിശ്വാസികളായ ക്രിസ്ത്യാനികളാണ്‌ ഇപ്പോള്‍ ഉറ്റവരേയും ഉടയവരേയും ഉപജീവനവും നഷ്ടപ്പെട്ടുഴറുന്നത്‌.സാമ്പത്തികമായും സാമുഹികമായും പിന്നാക്കം നില്‍ക്കുന്ന ക്രൈസ്തവ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ലത്തീന്‍ കത്തോലിക്ക സഭയാണ്‌ ക്രൈസ്തവസഭകളില്‍ സാമ്പത്തികമായി ഏറ്റവും പിറകില്‍ നില്‍ക്കുന്നത്‌.

“നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കണ”മെന്ന കരുണയുടെ,സഹനുഭൂതിയുടെ,സഹകരണത്തിന്റെ സുവിശേഷം ലോകത്തിനു നല്‍കിയ ക്രിസ്തുവിന്റെ അനുയായികള്‍ എന്ന്‌ അവകാശപ്പെടുന്ന മറ്റു ക്രൈസ്തവ സഭകളും സംഘടനകളും പുരോഹിത- ബിഷപ്‌ കൂട്ടായ്മകളും ഓഖി ദുരന്തബാധിതരോട്‌ ചെയ്തതെന്താണ്‌? വിഴിഞ്ഞം, പൂന്തുറ, അടിമലത്തുറ, ചെറിയതുറ,പൊഴിയൂര്‍ തീരങ്ങളില്‍ മരണം പെയ്തിറങ്ങിയപ്പോള്‍ സീറോ മലബാര്‍ സഭാ അധികൃതരും കേരള കാത്തലിക്ക്‌ ബിഷപ്പുമാരുടെ കൂട്ടായ്മയും( കെസിബിസിാ‍മറ്റു പ്രൊട്ടസ്റ്റന്റ്‌ വിഭാഗത്തിലെ ഉന്നതന്മാരും എവിടെയായിരുന്നു?തിരുവനന്തപുരത്തിന്റെ തീരത്തുണ്ടായത്‌ സമാനതകളില്ലാത്ത മാനുഷിക ദുരന്തമായിട്ടും സമാശ്വാസത്തിന്റെ സാന്നിദ്ധ്യമാകാന്‍ പോലും ഇവരൊക്കെ കൂട്ടാക്കാതിരുന്നത്‌ എന്തു കൊണ്ടാണ്‌?സഭയുടെ സാമ്പത്തിക താത്പര്യങ്ങളുടെ ഇരയാകുകയായിരുന്നില്ലേ തീരദേശത്തെ നിസ്വ-നിസ്സഹായര്‍?

ഓഖി കടലോരമേഖലയില്‍ വിതച്ച ദുരന്തത്തില്‍ നിന്നും മതപരവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ കൊയ്തെടുക്കാനുളള പ്രവണതയാണിതെന്ന്‌ കുറ്റപ്പെടുത്തുന്നവരോട്‌ ഞാന്‍ ഒന്നു ചോദിക്കട്ടേ? റബ്ബറിന്‌ വിലയിടിഞ്ഞപ്പോള്‍ സീറോ മലബാര്‍ സഭയും കെസിബിസിയും നടത്തിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ നമുക്കെല്ലാം ബോദ്ധ്യമുള്ളതല്ലേ?അതിനു ശേഷമല്ലേ അന്നു കേരളത്തിന്റെ ധനമന്ത്രിയായിരുന്ന കെ.എം.മാണി റബര്‍ കര്‍ഷകര്‍ക്ക്‌ വേണ്ടി, ബജറ്റില്‍ സമാശ്വാസ സാമ്പത്തിക പാക്കേജ്‌ ഉള്‍പ്പെടുത്തിയത്‌?
കസ്തൂരി രങ്കന്‍ റിപ്പോര്‍ട്ടിനെതിരായി മലയോരമേഖലയിലെ കര്‍ഷകരെ പ്രത്യക്ഷ സമരത്തില്‍ നയിച്ചത്‌ താമരശേരി ബിഷപ്പ്‌ റമിജിയോസ്‌ ഇഞ്ചനാനിയില്‍ അല്ലായിരുന്നോ?കസ്തൂരി രങ്കന്‍ റിപ്പോര്‍ട്ട്‌ പിന്‍വലിച്ചില്ലെങ്കില്‍ ഇവിടെ ജാലിയയന്‍ വാലാബാഗ്‌ ആവര്‍ത്തിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയത്‌ അദ്ദേഹമായിരുന്നില്ലേ? അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലല്ലേ വയനാട്ടിലെ വനംവകുപ്പ്‌ ഓഫീസിന്‌ സമരക്കാര്‍ തീയിട്ടത്‌?സഭയുടെ സാമ്പത്തിക താതപര്യങ്ങള്‍ക്കും അതിന്റെ അടിസ്ഥാനത്തില്‍ സഭാവിശ്വാസികളെ പാര്‍ശ്വവത്ക്കാരിക്കുന്നതിനും ഇനിയും ധാരാളം ഉദാഹരണങ്ങള്‍ നിരത്താം.
തീരദേശത്ത്‌ ഓഖി മരണവും ദുരിതവും വിതച്ചുറഞ്ഞു തുള്ളിയപ്പോള്‍ അരമനകളുടേയും പള്ളിമേടകളുടെയും മിതശീതോഷ്ണ സുഖത്തിലുറങ്ങിയവര്‍ക്ക്‌ പിണറായി വിജയനേയും മേഴ്സിക്കുട്ടിയമ്മയേയും കടക്ംപള്ളി സുരേന്ദ്രനേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും വിമര്‍ശിക്കാന്‍ എന്തവകാശം ?എന്ത്‌ ധാര്‍മികാധികാരം?
27 ലക്ഷം മുടക്കി വാങ്ങിയ പുതിയ ഇന്നോവ ക്രിസ്റ്റ കാറിന്‌ KL-01-CD-999 എന്ന ഫാന്‍സി നമ്പര്‍ കിട്ടാന്‍ 75000 രൂപ മുടക്കിയ സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ്‌ ധര്‍മ രാജ്‌ രസാലത്തെ പോലെ ആഡംബരത്തിന്റെ അത്യുന്നതികളില്‍ വിലസുന്ന ബിഷപ്പുമാരും മെത്രാന്മാരും നേതൃത്വം നല്‍കുന്ന എത്രയോ ക്രൈസ്തവ സഭാ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്‌.ദുരന്തത്തില്‍ ഇരയായവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക്‌ വീതം ജോലി നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ എന്തു കൊണ്ട്‌ തയ്യാറാകുന്നില്ല?സന്മനസ്സ്‌ കാട്ടുന്നില്ല?ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന എന്ന ഉഡായിപ്പില്‍ ഉത്തരവാദിത്തം ഒതുക്കിയാല്‍ മതിയോ?ഉറ്റവര്‍ നഷ്ടപ്പെട്ട്‌,ഉപജീവനോപാധികള്‍ ചിതറിക്കപ്പെട്ടു കഴിയുന്ന തീരദേശവാസികളായ ക്രിസ്ത്യാനികളെ കാണാന്‍ കണ്ണില്ലാത്ത നിങ്ങള്‍ ക്രിസ്തുവിനു തന്നെ അപമാനമല്ലേ?
അറിയാം ഇങ്ങനെയൊക്കെയേ നടക്കൂ
കാരണം ദുരന്തത്തിനിരായായവര്‍ മുക്കുവരാണ്‌
സാമ്പത്തികമായും സാമുഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ്‌.
സഭയ്ക്ക്‌ വിശ്വാസിക്കൂട്ടങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ വോട്ടും മാത്രമാണിവര്‍
ഇവര്‍ക്കിതൊക്കെ മതി എന്നാണ്‌ ഭരണകൂട-സഭാ-രാഷ്ട്രീയ-പൊതു സമൂഹത്തിന്റെ നിശ്ചയങ്ങള്‍.

ഭാഗ്യം കൊണ്ട്‌ ഓഖി ദുരന്തത്തെ അതിജീവിച്ച ഒരു മത്സ്യത്തൊഴിലാളിയുടെ മകളായ സിന്ധു നെപ്പോളിയന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലെ ഒരു ഭാഗം ഉദ്ധരിക്കട്ടേ
“ഇന്നലെ ഏതോ ഒരു നിമിഷത്തില്‍ വല്ലാതെ മനസാന്നിധ്യം നഷ്ടപ്പെട്ടു പോയപ്പോള്‍, ഇനി പപ്പയോട്‌ കടലില്‍ പോവരുതെന്ന്‌ പറയണം, ആര്‍ക്കും ഒരുറപ്പുമില്ലാത്ത ഈ ജോലി നമുക്ക്‌ വേണ്ടെന്ന്‌ പറയണം, ഇങ്ങനെ കടലില്‍ നോക്കി കാത്തിരിക്കുന്നവരുടെ ഭാരം താങ്ങാനായെന്നു വരില്ലെന്നു പറയണം എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ പിന്നെ മനസിലായി, ഇതു ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന്‌; ഈ അനിശ്ചിതാവസ്ഥ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം വീണ്ടും പഴയത്‌ പോലാവും. ഇതൊന്നും ഓര്‍ക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാര്‍ കടലില്‍ പോവും. കാരണം ഞങ്ങള്‍ മുക്കുവരാണ്‌..”


ഫോട്ടോ
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ പ്രക്ഷുബ്ധമായ കടലില്‍ അകപ്പെട്ട്‌ ദിശ തെറ്റി മുനമ്പത്ത്‌ എത്തിച്ചേര്‍ന്ന പതിനൊന്ന്‌ മത്സ്യത്തൊഴിലാളികളെ എറണാകുളം പറവൂര്‍ ആശുപത്രിയില്‍ മൂന്നാം തീയതി പ്രവേശിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍പ്പെട്ട, കൈയ്ക്ക്‌ പരിക്കേറ്റ ഒരു അസം സ്വദേശിക്ക്‌ ഭക്ഷണം വാരിക്കൊടുക്കുന്ന നഴ്സ്‌ റാണി. ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികള്‍ക്കും വാര്‍ത്തകള്‍ക്കുമിടയില്‍ മനുഷ്യത്വവും കരുണയുമായി റാണി വെളിച്ചം പരത്തുന്നു. നിഥിന്‍ തൂസത്താണ്‌ ഈ ചിത്രം പകര്‍ത്തിയത്‌