രണ്ടാം ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 141 റണ്‍സിനാണ് ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി(1-1).

മൂന്നാം ഏകദിനം ഞായറാഴ്ച വിശാഖപ്പട്ടണത്ത് നടക്കും. 393 എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ്(111) മാത്രമാണ് പൊരുതിയത്. ബാക്കിയുള്ളവരെല്ലാം ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ വീണു. ഇന്ത്യക്ക് വേണ്ടി യൂസ്‌വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആ തീരുമാനത്തെ തല്ലിതകര്‍ത്തു. ഓപ്പണിങ് കൂട്ടുകെട്ടില്‍ തന്നെ 115 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു. ശിഖര്‍ ധവാന്‍ (68) മടങ്ങിയതിന് ശേഷം ശ്രേയസ് അയ്യരുമൊത്തും രോഹിത് റണ്‍സ് ചലിപ്പിച്ചു. 88 റണ്‍സാണ് അയ്യര്‍ നേടിയത്. സെഞ്ച്വറിയിലേക്ക് കുതിച്ച അയ്യരെ തിസാര പെരേര മടക്കുകയായിരുന്നു.

രോഹിതിന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. കരിയറിലെ മൂന്നാം ഇരട്ട ശതകമാണ് രോഹിത് നേടിയത്. അതൊരു റെക്കോര്‍ഡാണ്. 153 പന്തില്‍ നിന്ന് 12 സിക്‌സറും 13 ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്.

ഏകദിന കരിയറില്‍ ആദ്യമായാണ് ഒരാള്‍ മൂന്ന് ഇരട്ട ശതകം നേടുന്നത്. ഒന്നില്‍ കൂടുതല്‍ ഒരാളും നേടിയിട്ടില്ല. നായകനായി ഏകദിന സെഞ്ച്വറി നേടിയെന്ന റെക്കോര്‍ഡും രോഹിതിന്റെ പേരിലായി.