വിമൻ ഇൻ സിനിമ കളക്ടീവിന് കല്ലേറ് കൂടുന്നു; സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് പിസി വിഷ്ണുനാഥ്

രാജ്യത്തെ തന്നെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിച്ചത്. മലയാള സിനിമയിലെ സ്ത്രീകള്‍ രൂപീകരിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് വളര്‍ച്ചയില്‍ അതിന്റെ ശൈശവ ദിശയിലാണ്. നിലവില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമേ സംഘടനയിലുള്ളൂ. അഭിനന്ദനങ്ങള്‍ക്കൊപ്പം കല്ലേറുകളും ഇഷ്ടം പോലെ കിട്ടുന്നുണ്ട് ഡബ്ലൂസിസിക്ക്.

സിനിമയിലെ വരേണ്യരായ സ്ത്രീകള്‍ക്കൊപ്പം മാത്രമാണ് സംഘടന എന്നാണ് സംഘടനയ്‌ക്കെതിരെ ഉയരുന്ന പുതിയ ആരോപണം. സുരഭി ലക്ഷ്മിയെ ഐഎഫ്എഫ്‌കെ അവഗണിച്ച സംഭവത്തില്‍ ഡബ്ല്യൂസിസി പ്രതികരിക്കാത്തതാണ് ഈ വിമര്‍ശനത്തിന് കാരണമായത്. സംഭവത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെ കോണ്‍ഗ്രസ്സ് നേതാവ് പിസി വിഷ്ണുനാഥ് രംഗത്ത് വന്നിരിക്കുകയാണ്.

സുരഭി ലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കടുത്ത വിമര്‍ശനമാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെ കോണ്‍ഗ്രസ്സ് യുവനേതാവ് പിസി വിഷ്ണുനാഥ് ഉയര്‍ത്തിയിരിക്കുന്നത്. സിനിമയിലെ സ്ത്രീകളുടെ ഈ സംഘടനയ്ക്ക് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്നല്ല, മറിച്ച് വിമന്‍ ഇന്‍ സിനിമ സെലക്ടീവ് എന്നാണ് പേരിടേണ്ടത് എന്നാണ് പിസി വിഷ്ണുനാഥ് ആഞ്ഞടിച്ചത്.ദേശീയ പുരസ്‌ക്കാര ജേതാവാണ് സുരഭി ലക്ഷ്മി. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന സ്ത്രീകള്‍ക്ക് വേണ്ടി ഇവിടെ രൂപീകരിച്ചിട്ടുണ്ട്. എന്നാലീ വിവാദമുണ്ടായപ്പോള്‍ അവര്‍ പോലും ഈ പ്രശ്‌നം ഉന്നയിച്ചില്ല. വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആയിരുന്നുവെങ്കില്‍ ഈ പ്രശ്‌നത്തിന് അവര്‍ ഒരു പരിഹാരം കാണുമായിരുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.

അത് മാത്രമല്ല. സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ചലച്ചിത്ര മേളയില്‍ ഓപ്പണ്‍ ഫോറം നടന്നു. അവിടെ പോലും ദേശീയ പുരസ്‌ക്കാരം ലഭിച്ച സ്ത്രീക്ക് ഒരു കസേര കൊടുത്തില്ല. അതിനെക്കുറിച്ച ചോദിക്കേണ്ടിയിരുന്നത് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആയിരുന്നു. പക്ഷേ അവരതില്‍ ഇടപെട്ടില്ലെന്നും വിഷ്ണുനാഥ് വിമര്‍ശിച്ചു.

ആ സംഘടനയെക്കുറിച്ച് തനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാലിപ്പോള്‍ അതില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. സുരഭിയെ ചലച്ചിത്ര അക്കാദമി ക്ഷണിക്കാതിരുന്നതിനേയും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സുരഭിയെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞത് പാസ്സ് അടിച്ച് വെച്ചിരുന്നു, വീട്ടില്‍ പോയി വിളിക്കാന്‍ സാധിക്കില്ല എന്നായിരുന്നു.

എന്നാല്‍ സുരഭിയെ പോലെ ദേശീയ പുരസ്‌ക്കാരം ലഭിച്ച നടിയെ വീട്ടില്‍ പോയി തന്നെ വിളിക്കണമെന്ന് പിസി വിഷ്ണുനാഥ് പറയുന്നു. ഒരു ചലച്ചിത്ര മേളയും, ചലച്ചിത്ര അവാര്‍ഡ് വിതരണവും ടെലിവിഷന്‍ അവാര്‍ഡ് വിതരണവും മാത്രമാണ് ഒരു വര്‍ഷത്തില്‍ അക്കാദമിക്കുള്ള ഏക ജോലി. അപ്പോള്‍ അക്കാദമി സ്റ്റാഫില്‍ ആരെങ്കിലും സുരഭിയെ വീട്ടില്‍ പോയി ക്ഷണിക്കണമായിരുന്നുവെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
സുരഭിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമ്മിനുങ്ങ് എന്ന ചിത്രം ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താത്തതും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. മേളയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മിന്നാമ്മിനുങ്ങ് തള്ളപ്പെടുകയായിരുന്നു. അത് ജൂറിയുടെ തീരുമാനമാണെന്നാണ് അക്കാദമിയുടെ പ്രതികരണം. ഇതിനെതിരെയും പിസി വിഷ്ണുനാഥ് വിമര്‍ശനം ഉന്നയിച്ചു.

കടപ്പാട് പ്രൈം സ്ലോട്ട്