അവസരവാദികളെ കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് കാനം

തിരുവനന്തപുരം: അഴിമതിക്കാരേയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മുന്നണിയില്‍നിന്നു മുമ്പ് വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സി.പി.ഐക്ക് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജെ.ഡി.യു, ആര്‍.എസ്.പി തുടങ്ങി എല്‍.ഡി.എഫ് മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം.

എന്നാല്‍ മാണിയെ വേണ്ട. ജെ.ഡി.യുവിന് മാത്രമല്ല മുന്നണിയില്‍ നിന്നുപോയ ആര്‍.എസ്.പിക്കും മടങ്ങി വരാം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അതാത് പാര്‍ട്ടികളാണ്. എന്നാല്‍ കെ.എം മാണി എല്‍.ഡി.എഫില്‍ നിന്നു പോയ ആളല്ല അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം പറഞ്ഞു.