വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപ്പാക്കുമെന്ന പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്ന് നിര്‍ഭയയുടെ മാതാവ് ആശാ ദേവി. 2012ല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയാണ് നിര്‍ഭയ.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിരവധി കാര്യങ്ങള്‍ അന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. തലസ്ഥാന നഗരിയില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസുകളിലും സിസിടിവിയെന്നേത് അതിലൊന്ന്. ഒന്നും നടപ്പിലായില്ല. മാത്രമല്ല, 2012ല്‍ എങ്ങിനെയായിരുന്നോ ഇവിടുത്തെ നിയമസംവിധാനങ്ങള്‍ ഇന്നും ആ സ്ഥിതി തന്നെ തുടരുകയാണ്- ആശാ ദേവി പറയുന്നു.

പൊലിസുകാര്‍ക്കെതിരേയും ആശാ ദേവി ആഞ്ഞടിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലിസ് വീഴ്ച വരുത്തുന്നുണ്ട്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍, ശ്രദ്ധിപ്പെക്കടാന്‍ കഴിയുന്ന വിഷയത്തില്‍ മാത്രമാണ് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു രാഷ്ട്രീയക്കാരും നിര്‍ഭയ കേസിനെ കുറിച്ച് തന്നോട് ഒരു കാര്യവും ചോദിച്ചിട്ടില്ലെന്നും ആശ പറഞ്ഞു.

അതിനിടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിനായി ഫൗണ്ടേഷന് രൂപം നല്‍കാനൊരുങ്ങുകയാണ് ആശ ദേവി. ‘എന്റെ മകളെ ഒരിക്കലും തിരിച്ച് ലഭിക്കില്ലെന്ന് എനിക്കറിയാം . എന്നാല്‍, ഇത്തരം ക്രൂരതകള്‍ക്ക് ഇരയായവര്‍ക്ക് നീതി നേടിയെടുക്കാന്‍ അവരെ തന്നെ പ്രാപ്തനാക്കാനാണ് തന്റെ ശ്രമം,’ ആശ പറയുന്നു.