കിം ജോങ് ഉന്‍ തന്റെ ഉറ്റ തുണക്കാരനെ കൂടി കൊന്നു കളഞ്ഞതായി സംശയം

സോള്‍: എതിര്‍ക്കുന്നവരെ ഒന്നും നോക്കാതെ കൊന്നുകളഞ്ഞ ചരിത്രമുള്ള കിം ജോങ് ഉന്‍ തന്റെ ഉറ്റ തുണക്കാരനെ കൂടി കൊന്നു കളഞ്ഞതായി സംശയം. ഹ്വാങ് പ്യോങ് സൊ എന്ന കിമ്മിന്റെ ഉറ്റ തോഴനെയാണ് ഇപ്പോള്‍ പൊതുരംഗത്ത് കാണാനില്ലാത്തത്. അദ്ദേഹം കിമ്മിനാല്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഉത്തര കൊറിയയില്‍ എന്തു നടക്കുന്നുവെന്ന് പുറം ലോകം അറിയുന്നത് അവിടെ നിന്ന് ഏകാധിപതിയായ കിം ജോങ് ഉന്‍ പുറത്തുവിടുന്ന ചിത്രങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും മാത്രം.

രാജ്യത്തെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്ന ഹ്വാങ് (60 വയസ്സ്) കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്നു. പാര്‍ട്ടിയിലെ മാലിന്യമെന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നുവെന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
മുതിര്‍ന്ന സൈനിക സ്ഥാനമായ വൈസ് മാര്‍ഷല്‍ എന്ന പദവി അലങ്കരിച്ചിരുന്ന ഹ്വാങിനെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കാണാനില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തെ ഒരു ജയില്‍ ക്യാംപിലേക്ക് അയച്ചുവെന്നാണ് ഹ്വാങിന്റെ ഡെപ്യൂട്ടി പറഞ്ഞത്.

കിമ്മിന്റെ അമ്മാവന്‍മാര്‍ അടക്കമുള്ളവര്‍ക്ക് വധശിക്ഷ വിധിച്ച പീക്ക്തു കുന്നില്‍ ഈയിടെ കിം സന്ദര്‍ശനം നടത്തിയിരുന്നു. ഇതാണ് ഹ്വാങ് വധിക്കപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നത്.