സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി. രാഷ്ട്രീയക്കാരും മാധ്യമങ്ങളുമുള്‍പ്പെടെ കത്തു പൊതു ഇടങ്ങളില്‍ ചര്‍ച്ചചെയ്യുന്നത് രണ്ടുമാസത്തേക്കാണ് ഹൈക്കോടതി വിലക്കിയത്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ഇതിന്മേല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവും ചോദ്യംചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ജനുവരി 15ന് വീണ്ടും പരിഗണിക്കും.

കേസിലെ മുഖ്യപ്രതിയായ സരിത എസ്. നായര്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി എഴുതിയ കത്ത് അന്വേഷണ കമ്മിഷന്‍ ടേംസ് ഒഫ് റഫറന്‍സ് മറികടന്ന് നിയമവിരുദ്ധമായി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയെന്നും കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ നിരീക്ഷണങ്ങള്‍ മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടി ഹരജി സമര്‍പ്പിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഹാജരായത്. ഉമ്മന്‍ ചാണ്ടിക്കു പറയാനുള്ളത് കേള്‍ക്കാതെയാണ് കമ്മിഷന്‍ കത്ത് സോളാര്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതെന്നു കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കത്തു ചര്‍ച്ച ചെയ്യുന്നത് വിലക്കണമെന്നും കപില്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 11 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പ് അനുചിതമെന്ന് ഹരജി പരിഗണിക്കവേ ഹൈക്കോടതി വിമര്‍ശിച്ചു. വിചാരണയ്ക്കു മുന്‍പ് അത്തരം നിഗമനങ്ങളില്‍ എങ്ങിനെ എത്തുമെന്നും കോടതി ചോദിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്.

കമ്മിഷന്‍ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യാന്‍ ആവില്ലെന്നു കോടതി വാക്കാല്‍ പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തടയില്ലെന്നും കോടതി പറഞ്ഞു.

ആറുകോടിയുടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയടക്കമുള്ള പ്രതികള്‍ക്കെതിരേ 33 കേസുകള്‍ തന്റെ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നു ഉമ്മന്‍ ചാണ്ടി ഹരജിയില്‍ പറയുന്നു. അതിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.

അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതു മുന്നണിയുടെ ആരോപണങ്ങള്‍ പരിഗണിച്ചാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. എന്നാല്‍, കമ്മിഷന്‍ സ്വന്തംനിലയ്ക്ക് ടേംസ് ഓഫ് റഫറന്‍സ് മറികടന്ന് അഞ്ചുവിഷയങ്ങള്‍കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി.

കമ്മിഷന്റെ വിചാരണയില്‍ ഹരജിക്കാരന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണം സരിത ശക്തമായി നിഷേധിച്ചിട്ടുള്ളതാണ്. മാത്രമല്ല, നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള വിവാദ കത്തില്‍ ഹരജിക്കാരനടക്കമുള്ളവരുടെ പൊതുജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സി.പി.എം 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിട്ടുമുണ്ടെന്ന് ഹരജിയില്‍ പറയുന്നു.
സെപ്റ്റംബര്‍ 29 നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് ഒക്ടോബര്‍ 11ന് സര്‍ക്കാര്‍ അനാവശ്യ തിടുക്കംകാട്ടി വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.