63ാമത് സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന് പതിഞ്ഞ തുടക്കം

63ാമത് സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന് പതിഞ്ഞ തുടക്കം. സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന രണ്ടിനങ്ങളിലും ആദ്യ ദിനം വെള്ളി കൊണ്ടും വെങ്കലം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ ദിനത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികുളുടെയും 5000 മീറ്റര്‍ ഫൈനലുകളാണ് അരങ്ങേറിയത്. അണ്‍കുട്ടികളുടെ പോരാട്ടത്തില്‍ പി.എന്‍ അജിത് വെങ്കലവും പെണ്‍കുട്ടികളുടെ പോരില്‍ അനുമോള്‍ തമ്പി വെള്ളിയും ആതിര കെ.ആര്‍ വെങ്കലവും നേടി.
ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ സ്വര്‍ണ പ്രതീക്ഷയായിരുന്ന അജിതിന് വെങ്കലമാണ് നേടാനായത്. ഈ ഇനത്തില്‍ ഉത്തര്‍പ്രദേശിന്റെ കാര്‍ത്തികിനാണ് സ്വര്‍ണം. ഗുജറാത്തില്‍ നിന്നുള്ള റത്‌വ നിതീഷ് വെള്ളിയും നേടി.
15.19.16 മിനുട്ടെടുത്താണ് അജിത് ഓട്ടം പൂര്‍ത്തിയാക്കിതയ്. സംസ്ഥാന മീറ്റിനേക്കാള്‍ മികച്ച സമയം കുറിക്കാനായെങ്കിലും അസന്തുലിതമായ കാലാവസ്ഥ കാരണം അവസാന ലാപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന് അജിത് പറഞ്ഞു. അവസാന ലാപ് വരെ അജിത് ഒന്നാമതായിരുന്നെങ്കിലും മത്സരം പൂര്‍ത്തിയാകുന്നതിന്ന് 200 മീറ്റര്‍ ബാക്കി നില്‍ക്കേയായിരുന്നു ഉത്തര്‍പ്രദേശിന്റെയും ഗുജറാത്തിന്റെയും താരങ്ങള്‍ അജിതിനെ പിറകിലാക്കിയത്.
പെണ്‍കുട്ടികളുടെ 5000 മീറ്ററിലും കേരളത്തിന് സ്വര്‍ണം നേടാനായില്ല. വെള്ളിയും വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്. കേരളത്തിനായി മത്സരിച്ച അനുമോള്‍ തമ്പിയും ആതിരയുമാണ് യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. ഈ ഇനത്തില്‍ ഹിമാചല്‍ പ്രദേശിന്റെ സീമയാണ് സ്വര്‍ണം നേടിതയത്. അവസാന ലാപ് വരെ കേരള താരങ്ങളായിരുന്നു മുന്നില്‍.
അവസാന 400 മീറ്ററില്‍ സീമ മികച്ച പ്രകടനം പുറത്തെടുത്ത് കേരള താരങ്ങളെ ബഹുദൂരം പിന്നിലാക്കി. കാലാവസ്ഥ മാറ്റം തിരിച്ചടിയായെന്ന് മത്സര ശേഷം അനുവും ആതിരയും വ്യക്തമാക്കി.
സാംസ്‌കാരിക
വൈവിധ്യങ്ങളുമായി
ഉദ്ഘാടനം
റോഹ്തകിലെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മേളയുടെ ഉദ്ഘാടന ചടങ്ങ് സാംസ്‌കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്നു. ഹരിയാനയുടെ കലാ തനിമയും ഗോത്ര പാരമ്പര്യവും വിളിച്ചോതുന്ന നൃത്തവും ചടങ്ങിനെ വര്‍ണാഭമാക്കി. മീറ്റിന്റെ ഔപചാരിക ഉദ്ഘാടനം ചാന്ദര്‍ പ്രകാശ് ഐ.എ.എസ് നിര്‍വഹിച്ചു. രാജീവ് പ്രസാദ് അധ്യക്ഷനായി. ഡോ. യാഷ് ഗാര്‍ഗ്, ഡോ. കെ. കെ കല്‍വാള്‍, രാജീവ് രത്തന്‍, അജയ് കുമാര്‍ സംബന്ധിച്ചു. തുടര്‍ന്ന് താരങ്ങളുടെ മാര്‍ ച്ച് പാസ്റ്റും അരങ്ങേറി. കേരള സംഘത്തെ പോള്‍ വാള്‍ട്ട് താരം നിവ്യ ആന്റണി നയിച്ചു. ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്.