മോദിയുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി ഇന്ന് ഉച്ചയോടെ തലസ്ഥാനത്ത് എത്താനിരിക്കെയാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയത്.

ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രാജ്ഭവനില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രിയെ തിരികെ അയയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം ബിജെപി ഇടപെടല്‍ മൂലമാണ് ഒഴിവായതെന്നായിരുന്നു ബിജെപി വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നത്.

ഡിസംബര്‍ 16നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ വിവരം ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത് ഡിസംബര്‍ 18, 19 തീയതികളില്‍ കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു. അതോടൊപ്പം ലഭിച്ച താല്‍ക്കാലിക പരിപാടിയില്‍ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശന സ്ഥലം വ്യക്തമാക്കിയിരുന്നില്ല. സ്ഥിരീകരിച്ച അവസാന പരിപാടിയിലാണ് സന്ദര്‍ശന സ്ഥലവും സംസ്ഥാന സര്‍ക്കാരുമായുളള ചര്‍ച്ചയും ഉള്‍പ്പെടുത്തിയത്.ആദ്യം ലഭിച്ച താല്‍ക്കാലിക പരിപാടിപ്രകാരം അദ്ദേഹം കൊച്ചിയില്‍ വന്നശേഷം ലക്ഷദ്വീപില്‍ പോകുമെന്നും തിരിച്ച് 19ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുമെന്നുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ലഭിച്ച അറിയിപ്പനുസരിച്ച് അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് സന്ദര്‍ശിച്ച ശേഷമാണ് കേരളത്തില്‍ എത്തുന്നത്.