ഓഖി ദുരന്തം: കൊച്ചിയില്‍ നിന്ന് പോയ 3 ബോട്ടുകള്‍ കണ്ടെത്തി

കൊച്ചി: ഓഖി ദുരന്തത്തില്‍ കൊച്ചിയില്‍ നിന്ന് പോയ മൂന്ന് ബോട്ടുകള്‍ കൂടി കണ്ടെത്തി. ഫിഷറീസ് വകുപ്പ് നടത്തിയ തെരച്ചിലിലാണ് ബോട്ടുകള്‍ കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. 34 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

അതേസമയം ദുരന്തത്തില്‍പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നും, കാസര്‍ഗോഡ് തീരത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കരയ്ക്കടുപ്പിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണ്. ഇതോടെ ഓഖി ദുരന്തത്തില്‍ പെട്ട് മരിച്ചവരുടെ എണ്ണം 73 ആയി മാറി. ബേപ്പൂരില്‍ നിന്നും തെരച്ചിലിന് പോയവരാണ് കാസര്‍ഗോഡ് തീരത്ത് നിന്ന് വൈകുന്നേരത്തോടെ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.