ഉമ്മന്‍ ചാണ്ടി, സെന്റ്‌ തോമസ്‌ സെന്റ്രല്‍ സ്കൂള്‍; സണ്ണി ലിയോണ്‍! നമ്മുടെ വ്യാജ സല്ക്കീര്‍ത്തിയും കപടസദാചാരവും

സോളാര്‍ കേസിലെ ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സരിതാ നായരുടെ കത്ത്‌ തന്റെ മാന്യതയ്ക്കും അരനൂറ്റാണ്ട്‌ നീളുന്ന പൊതുപ്രവര്‍ത്തന സല്‍കീര്‍ത്തിക്കും മുകളില്‍ അശ്ലീലതയുടെ ചെളിവാരിയെറിയുന്നത്‌ കൊണ്ട്‌ പൊതു ഇടത്തിലെ അതിന്റെ ചര്‍ച്ച തടയണമെന്നും സോളാര്‍ ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി കേരള ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മൂക്കത്ത്‌ വിരല്‍വയ്ക്കാത്തവര്‍ ആരുമുണ്ടാകില്ല.
കാരണം 2017 നവംബര്‍ 13നു ശേഷം ജനിച്ച കുഞ്ഞുങ്ങള്‍ ഒഴിച്ചുള്ള സര്‍വ മലയാളികള്‍ക്കും ആ കത്തിലെ വള്ളി പുള്ളി വിസര്‍ഗം, ഹൃദിസ്ഥമാണ്‌.പാബ്ലോ നെരൂദയെ കടം കൊണ്ട്‌ പറഞ്ഞാല്‍ “ഉമ്മന്‍ ചാണ്ടി സരിതയോട്‌ ചെയ്തതും” അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ മോണിക്ക ലവന്‍സ്കിയോടു ചെയ്തതും ഒന്നു തന്നെയായിട്ടും,ക്ലിന്റനില്ലാത്ത സത്കീര്‍ത്തി( ഈ വിഷയത്തില്‍)ഉമ്മന്‍ ചാണ്ടിക്ക്‌ ഉണ്ട്‌ എന്നതാണ്‌ സംഭവത്തിലെ ഒരു ഇത്‌.
ആ ഇത്‌ ജസ്റ്റിസ്‌ ജയശങ്കരന്‍ നമ്പ്യാര്‍ രണ്ട്‌ മാസത്തേയ്ക്ക്‌ അനുവദിച്ചു കൊടുത്തു.
ഇനി വരുന്ന അറുപത്‌ ദിവസത്തിനിടയില്‍ പത്ര-ദൃശ്യ-സമുഹിക മാധ്യമങ്ങളില്‍ ഒരു കുഞ്ഞു പോലും കുഞ്ഞൂഞ്ഞിന്റെ ആ കര്‍മ്മത്തെ കുറിച്ച്‌ (അതോ ക്രിയയോ?) കമാന്നൊരക്ഷരം മിണ്ടിക്കൂട.രാഷ്ട്രീയക്കാര്‍ക്കും ഇതു ബാധകമാണ്‌.
“പോളണ്ടിനെ കുറിച്ച്‌ ഒരക്ഷരം മിണ്ടിപ്പോകരുത്‌” എന്നതു പോലെയുള്ള കല്ലേപ്പിളര്‍ക്കുന്ന ആജ്ഞ.
അതിലേയ്ക്ക്‌ ബഹു.കോടതിയെ കൊണ്ടെത്തിച്ചത്‌ മൂന്നു കാര്യങ്ങളാണ്‌
1,കത്തിന്റെ ഉള്ളടക്കം പ്രചരിപ്പിക്കുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ സല്‍കീര്‍ത്തിയെ ബാധിക്കുക വഴി മൗലികാവകാശ ലംഘനമാവും.
2,കോടതി നടപടികളിലൂടെ തെളിവ്‌ മൂല്യം വിലയിരുത്തിയിട്ടില്ലാത്ത കത്ത്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ വിചാരണയെ ബാധിക്കാനിടയുണ്ട്‌.
3.കത്തിന്റെ വ്യാപക പ്രചാരണവും പൊതു അഭിപ്രായ രൂപീകരണവും നീതിനടത്തിപ്പിനെ ബാധിക്കും.
അന്നേ ചാരമായിരുന്ന ചാരക്കേസില്‍ മറിയ റഷീദ എന്ന മാലി സുന്ദരിയെ കരുവാക്കി കുറെ ‘പേനയുന്തുകാരെ’ക്കൊണ്ട്‌ രതികഥകള്‍ എഴുതിച്ച്‌ കെ.കരുണാകരനും നമ്പി നാരായണനും ഡി.ശശികുമാരനുമടക്കമുള്ള നിരപരാധികളെ തീ തീറ്റിച്ചതിന്റെ കാവ്യനീതിയാണിതെന്ന്‌ ,പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്ന, മറിയാമ്മ ഉമ്മനെങ്കിലും ബോദ്ധ്യം വന്നു കാണണം.

സ്കൂള്‍ വളപ്പിലെ ആലിംഗനം അച്ചടക്ക രാഹിത്യമാണെന്ന്‌ കേരള ഹൈക്കോടതി.ക്ലീഷെയില്‍ തന്നെ പറയണം: ‘കോടതിയുടെ മനസാക്ഷിയെ പിടിച്ചുലച്ച ഞെട്ടിക്കുന്ന ആ സംഭവം അരങ്ങേറിയത്‌’ കഴിഞ്ഞ ജൂലൈ 21നാണ്‌.
സ്ഥലം :തിരുവന്തോരം
വേദി:മുക്കലക്കല്‍ സെന്റ്‌ തോമസ്‌ സെന്റ്രല്‍ സ്കൂള്‍
സമയം:സ്കൂളിലെ യൂത്ത്‌ ഫെസ്റ്റിവല്‍ നടക്കുന്നതിനിടയിലെ ഒരു മുഹൂര്‍ത്തം(അദ്ധ്യാപകരുടെയും കോടതിയുടെയും കണ്ണില്‍ ‘ഒരു ദുര്‍ബല നിമിഷം’)
സ്കൂളിലെ പാട്ടുമത്സരത്തില്‍ പ്ലസ്‌ വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക്‌ ഒന്നാം സമ്മാനം
ആ കുട്ടിയുടെ കൂട്ടുകാരനായ പ്ലസ്‌ ടൂ വിദ്യാര്‍ത്ഥി ആ കുട്ടിയെ ആശ്ലേഷിച്ചഭിനന്ദിച്ചു.
പോരെ പൂരം
തകര്‍ന്നില്ലേ സദാചാരം
തരിപ്പണമായില്ലേ സ്കൂളിന്റെ സല്‍ക്കീര്‍ത്തി!
‘എഡീ’ന്നുള്ള വിളിയും ‘എടിപിടീന്നുള്ള പരിപാടി’യും മാത്രം പരിചയമുള്ള ഒരു അദ്ധ്യാപികയുടെ കണ്ണിലാണ്‌ ഒട്ടും രതിലാഞ്ചനയില്ലാത്ത തുറന്ന സൗഹൃദത്തിന്റെ ഈ നന്മ നിമിഷം പെട്ടത്‌.
എങ്ങനെ സഹിക്കും എന്നു പറ?
പിന്നെ ആ കുട്ടികളെ ഹെഡ്മാസ്റ്ററുടെ മുറിയിലേയ്ക്ക്‌ വിളിക്കലായി,ചീത്ത പറയലായി,സ്കൂളില്‍ നിന്ന്‌ പുറത്താക്കലായി,മാധ്യമങ്ങളില്‍ വാര്‍ത്തയായി,സോഷ്യല്‍ മീഡിയയില്‍ വൈറല്‍ പോസ്റ്റായി.
സദാചാരത്തിന്റെ കൃമികടിയില്ലാത്ത മകനെ നന്നായി മനസ്സിലാക്കുന്ന മാതാപിതാക്കള്‍ വിഷയം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു.വസ്തുതകളെല്ലാം പരിഗണിച്ച കമ്മീഷന്‍ സ്കൂള്‍ അധികൃതരുടെ നടപടി റദ്ദാക്കി.
അപ്പോള്‍ അധികൃതരുടെ കൃമികടി പൂര്‍വാധികം വര്‍ദ്ധിച്ചു.അവര്‍ ഹൈക്കോടതിയിലെത്തി.
കോടതിക്ക്‌ സ്കൂള്‍ അച്ചടക്കത്തിന്റെ കുരു പൊട്ടി.
ബാലവാകശ കമ്മീഷന്റെ നടപടി റദ്ദാക്കി
കോടതിയുടെ ഡാഷിലെ സദാചാര ബോധം
അതു സംരക്ഷിക്കാന്‍ രണ്ട്‌ വിദ്യാര്‍ത്ഥികളുടെ ഭാവികൊണ്ട്‌ അമ്മനമാട്ടം
ഞങ്ങള്‍ മുതിര്‍ന്നവരെ പോലെ സെക്സ്‌ അല്ലാതെ നീയൊന്നും സൗഹൃദത്തില്‍ ചിന്തിക്കാന്‍ പാടില്ലെന്ന ദുഃശാഠ്യവും

ദോഷം പറയരുതല്ലോ,സണ്ണി ലയോണ്‍ ലക്ഷണമൊത്ത ഒരു വനിതാ പോണ്‍ സ്റ്റാര്‍ തന്നെ.ലോകമെമ്പാടുമുള്ള ആണ്‍-പെണ്‍ പോണ്‍ പ്രേമികളുടെ ഓമന.
വിദേശങ്ങളില്‍ പോണ്‍ ഫിലിമില്‍ അഭിനയിക്കുന്നതും ഒരു തൊഴിലാണ്‌.
വരുമാനമേറെയുള്ള പ്രൊഫഷന്‍.
കാവ്യാ മാധവനും ദിലീപുമൊക്കെ അഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണം പോലെ സംവിധായകനും അസിസ്റ്റന്റ്‌ സംവിധായകനും മേയ്ക്കപ്പ്‌ മാനും കാമറമാനും ഒക്കെ അടങ്ങുന്ന ഒരു സംഘത്തിന്റെ മുന്നില്‍ വച്ച്‌ സീന്‍ ബൈ സീന്‍ ആയാണ്‌ ചിത്രീകരണം.അല്ലതെ ഒറ്റശ്വാസത്തിലെ ‘ചാമ്പല്‍'( കര്‍മ്മം,ക്രിയ എന്നും പറയാം)അല്ല പോണ്‍ ഫിലിം നിര്‍മാണം
സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡിലെ മാന്യയായ നടിയാണ്‌
സംവിധായകനും നിര്‍മാതാവിനും കാമറമാനും പ്രൊഡക്ഷന്‍ കണ്ട്രോളര്‍ക്കുമൊന്നും കിടക്ക വിരിക്കാതെ നായികയായ താരം
(നമ്മുടെ മാന്യകളായ അഭിനേത്രിമാര്‍ പറയാന്‍ മടിക്കുന്ന ‘കാസ്റ്റിംഗ്‌ കൗച്ച്‌’ കഥകള്‍ കേട്ടില്ലെന്നു നടിക്കാന്‍ വായനക്കരോട്‌ അപേക്ഷ)
ആ സണ്ണി ലിയോണ്‍,പുതുവര്‍ഷ പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ പാടില്ലെന്ന്‌ കര്‍ണാടക സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ ‘ഫത്വ’
ആരുടെയെങ്കിലും ഒരു ‘തുണ്ടെങ്കിലും’കാണാതെ രാത്രി ഉറങ്ങുന്നതെങ്ങനാഡേയ്‌ എന്നു ചിന്തിക്കുന്ന യുവാക്കള്‍ അടങ്ങുന്ന ‘കന്നഡ രക്ഷണവേദിക’യുടെ യുവജന സംഘടനയുടെ സദാചാരക്കുരു പൊട്ടിയതാണ്‌ ആഭ്യന്തരവകുപ്പിന്റെ അനുമതി നിഷേധത്തിനു കാരണം
സണ്ണി ലിയോണിന്റെ പോണ്‍ ഫിലിം കാണാം.ഒരു കൊഴപ്പോമില്ല
പക്ഷെ മാന്യമായി വസ്ത്രം ധരിച്ച്‌ പൊതു വേദിയില്‍ അവര്‍ നൃത്തം ചെയ്യാന്‍ പാടില്ല. അത്‌ അനുവദിക്കുന്ന പ്രശ്നമേയില്ല.

അല്ല മാഷേ
ഈ വ്യാജസല്‍ക്കീര്‍ത്തിയില്‍ നിന്നും
കപടസദാചാര നിഷ്ഠയില്‍ നിന്നും
നമ്മളൊക്കെ എന്നാ ഒന്നു രക്ഷപെടുക?
മാന്യതയുള്ള മനുഷ്യരായി എപ്പഴാ ഒന്നു പെരുമാറുക?