ആദ്യ പലിശരഹിത ബാങ്കുമായി സി.പി.എം

കണ്ണൂര്‍: പലിശ രഹിത ബാങ്കുമായി കണ്ണൂരില്‍ സി.പി.എം. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇസ്‌ലാമിക് ബാങ്കിന്റെ രീതിയില്‍ സഹകരണ മേഖലയിലാണ് പാര്‍ട്ടി നേതൃത്വത്തില്‍ ബാങ്ക് തുടങ്ങുന്നത്. ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിനുള്ള അനുമതി റിസര്‍വ് ബാങ്ക് നിഷേധിച്ച സാഹചര്യത്തില്‍ കൂടിയാണ് സി.പി.എം ഇതേ രീതിയിലുള്ള ബാങ്ക് ആരംഭിക്കുന്നത്. മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടകനും.
സി.പി.എം പിന്തുണയുള്ള ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സംരംഭം. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.ഷാജര്‍ പ്രസിഡന്റും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുന്‍ ഡി.സി.സി സെക്രട്ടറി ഒ.വി ജാഫര്‍ ചെയര്‍മാനുമായ ന്യൂനപക്ഷ സാംസ്‌കാരിക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബാങ്ക് സ്ഥാപിക്കുന്നത്.
ഉദ്ഘാടനം 24ന് വൈകിട്ട് മൂന്നിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് എം.ഷാജര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 21 ന്യൂനപക്ഷ സാംസ്‌കാരിക സമിതികള്‍ ഉള്‍പ്പെട്ടതാണ് പുത്തന്‍ ചുവടുവെപ്പിന് സാരഥ്യം വഹിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സംസ്ഥാനത്ത് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും ട്രസ്റ്റുകളുടെയും സഹകരണത്തോടെ പലിശരഹിത ബാങ്കിംഗ് സംവിധാനം വിപുലപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും ഷാജര്‍ പറഞ്ഞു.