ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി തന്നെ തുടരും

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി തന്നെ തുടരും. നിതിന്‍ പാട്ടേലാണ് ഉപമുഖ്യമന്ത്രി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാംഗങ്ങളുടെ യോഗത്തിനു ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്.എല്ലാ അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചിരുന്നുവെന്നും തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി അടുപ്പമുള്ള ആളാണ് വിജയ് രൂപാണി. ഗുജറാത്തിലെ വിജയം മങ്ങിയതു കാരണം വിജയ് രൂപാണിയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കേവല ഭൂരിപക്ഷത്തില്‍ നിന്ന് ഏഴു സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി ഉള്ളത്. 99 സീറ്റുകള്‍ നേടിയ ബി.ജെ.പിക്കൊപ്പം ഒരു സ്വതന്ത്രന്‍ കൂടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.