രാജ്യസഭയില്‍ സംസാരിക്കാനാകാതെ പോയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിന്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയില്‍ തനിക്ക് സംസാരിക്കാനാകാതെ പോയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍.കഴിഞ്ഞദിവസം രാജ്യസഭയില്‍ ആദ്യമായി സംസാരിക്കാനെത്തിയ സച്ചിനെ പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.

ഇന്ത്യയെ എങ്ങനെ കായികരാജ്യമാക്കാം എന്നതിനെക്കുറിച്ചാണ് സച്ചിന്‍ രാജ്യസഭയില്‍ സംസാരിക്കാന്‍ ആഗ്രഹിച്ചത്. കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് എംപിമാരുടെ ബഹളത്തെത്തുടര്‍ന്ന് സച്ചിന്‍ സംസാരിക്കാതെ പിന്‍വാങ്ങുകയായിരുന്നു.

15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ കായികക്ഷമതയും ആരോഗ്യവുമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനെക്കുറിച്ചാണ് സച്ചിന്‍ പറയുന്നത്. ഇന്നലെ രാജ്യസഭയില്‍ എനിക്ക് പറയാനുള്ളത് ഇതായിരുന്നു എന്ന ആമുഖത്തോടെയാണ് സച്ചിന്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടത്.കായികതാരമെന്ന നിലയില്‍ കായികരംഗത്തെയും ആരോഗ്യത്തെയും കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളതെന്ന് പറഞ്ഞ സച്ചിന്‍ കായിക മത്സരങ്ങളെ സ്‌നേഹിക്കുന്ന രാജ്യമെന്ന നിലയില്‍ നിന്ന് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന രാജ്യമാക്കി മാറ്റാനുള്ള ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് താനെന്നും വീഡിയോയില്‍ പറഞ്ഞു.

രാജ്യത്ത് പരിഗണിക്കപ്പെടേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെങ്കിലും ഒരു കായികതാരമെന്ന നിലയിലാണ് താന്‍ കായികത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്നും ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ മാറ്റം വരുത്താന്‍ സ്‌പോര്‍ട്‌സിന് കഴിയുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.രാജ്യസഭയില്‍ സച്ചിന്‍ കായികത്തെക്കുറിച്ച് സംസാരിക്കാനൊരുങ്ങവെ പ്രധാന മന്ത്രിയുടെ പാക് പരാമര്‍ശം വിഷയമാക്കി പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കുകയായിരുന്നു.