കേരളം പ്രഖ്യാപിച്ച വരൾച്ചാ മുന്നറിയിപ്പും മെത്രാൻ കായലും തമ്മിൽ എന്താണ് ബന്ധം

കേരളം പ്രഖ്യാപിച്ച വരൾച്ചാ മുന്നറിയിപ്പും
മെത്രാൻ കായലും തമ്മിൽ എന്താണ് ബന്ധം.

ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചതുപ്പ് നിലങ്ങൾ തന്നെ…. !

കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിൽ, വേമ്പനാട് കായലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 417 ഏക്കർ വിസ്തൃതിയുള്ള പാടശേഖരമാണ് മെത്രാൻ കായൽ അഥവാ സെമിനാരി കായൽ.പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലുണ്ടായ ഭക്ഷ്യക്ഷാമത്തെതുടർന്ന്, വൈദികന്മാരുടെ നേതൃത്വത്തിൽ വേമ്പനാട് കായൽ വളച്ചുകെട്ടി രൂപപ്പെടുത്തിയെടുത്ത പാടശേഖരമാണിത്.

സമുദ്രനിരപ്പിൽനിന്ന് താഴെകിടക്കുന്ന ഈ കുട്ടനാടൻ പാടശേഖരം, അന്താരാഷ്ട്ര റാംസാർ ഉടമ്പടിപ്രകാരം സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള വേമ്പനാട്, കോൾ തണ്ണീർതടത്തിന്റെ ഭാഗമാണ്.അന്താരാഷ്ട്ര തലത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇമ്പോർട്ടന്റ് ബേർഡ് ഏരിയ (IBA)യിൽ പെടുന്നതാണ് ഈ പ്രദേശം.
വിവിധ നീർപക്ഷികളുൾപ്പെടെ 185 ഇനം പക്ഷികൾ,
58 ഇനം മീനുകൾ.

കൂടാതെ വിവിധയിനം ഉരഗങ്ങളും ഉഭജജീവികളും വിവിധ സർവ്വെകളിലായി ഇവിടെനിന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വേമ്പനാട് കായലിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ആവാസവ്യസ്ഥയാണ്.
ഒരുപാട് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്.മലങ്കര ഓർത്തഡോക്സ് സഭയുടെ കൈവശമുണ്ടായിരുന്ന ഈ പാടശേഖരം പിന്നീട് പല വ്യക്തികളിലേക്ക് കൈമറിഞ്ഞ് ഇന്ന് പല ബിനാമിപ്പേരുകളിലായി സ്വകാര്യവ്യക്തികൾ വാങ്ങി തരിശിട്ടിരിക്കുകയാണ്.യു.എ.ഇ ആസ്ഥാനമായിട്ടുള്ള റഖീൻ ഗ്രൂപ്പും ഇന്ത്യയിലെ പ്രബല ഖനനവ്യവസായ ഗ്രൂപ്പായ ട്രൈമെക്സും ചേർന്ന സംരംഭമാണ് തണ്ണീർത്തടം നികത്തി ടൂറിസം റിസോർട്ടും ഫൈവ്സ്റ്റാർ ഹോട്ടലും ഇന്റർനാഷ്ണൽ കൺവെൺഷൻ സെന്ററും ഗോൾഫ് ക്ലബ്ബും നിർമ്മിക്കാൻ ശ്രമിച്ചത്.

378 ഏക്കർ ഇപ്പോൾ റാക്കിൻഡോ ഡെവലപ്പേഴ്സിന്റെ ഉടമസ്ഥതയിലാണ്.
മെത്രാൻ കായൽ എന്ന കായൽ നിലം നികത്തി വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിവാദമാണ് മെത്രാൻ കായൽ വിവാദം.
2011 -ൽ അധികാരമൊഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ഒരു സ്വകാര്യ പദ്ധതിയാണിത്.വിശദമായ ചർച്ചയ്കും പരിശോധനയ്കും ശേഷം ആ സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.പിന്നീട് 2016 -ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുന്ന സമയത്ത് ഉമ്മൻ ചാണ്ടി, മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താത്ത ഇനമായി ഈ പദ്ധതി നിർദ്ദേശം വീണ്ടും വരുകയും നികത്തുന്നതിന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകുകയുമാണുണ്ടായത്.

ഇതേ തുടർന്ന് വ്യാപകമായ വിമർശനം ഉയർന്നുവരുകയും ഒരു കർഷകൻ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ ഉത്തരവിനെ തടയുന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.കേരളത്തിന്റെ നെല്ലുൽപാദനത്തിന്റെ പ്രധാനഭാഗം സംഭാവനചെയ്യുന്ന കുട്ടനാടൻ നിലങ്ങളിൽപ്പെട്ട പാടശേഖരമായിരുന്നു മെത്രാൻ കായൽ.ഏറ്റവും കൂടുതൽ ഉത്പാദനക്ഷമതയുണ്ടായിരുന്ന നെൽപ്പാടങ്ങൾ ഇന്ന് ഭൂമാഫിയയുടെ ഇടപെടൽ കാരണം തരിശുകിടക്കുകയാണ്.

വീട്ടാവശ്യത്തിന് നിലം നികത്താം എന്ന നിയമമാണ് ഇന്ന്‌ കേരളത്തിൽ ഭീകരമാം വിധം വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്…

ജോളി ജോളി