കേരളത്തിൽ വരാനിരിക്കുന്നത് കൊടും വരള്‍ച്ച

തിരുവനന്തപുരം:കേരളത്തിൽ വരാനിരിക്കുന്നത് കൊടും വരള്‍ച്ചയായിരിക്കുമെന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ കണ്ടു തുടങ്ങി.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, വിദഗ്ദ്ധരും ഇത്തവണ കൊടും വരള്‍ച്ച പ്രവചിക്കുക കൂടി ചെയ്യുമ്പോൾ നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലേക്കാണ് നീങ്ങുന്നത്.പ്രവചനം ഇല്ലാതെ തന്നെ കഴിഞ്ഞ കുറേ വര്ഷങ്ങളായി കേരളം വരൾച്ചയിലാണ്.ഇടവപ്പാതിയിലും, തുലാവര്‍ഷത്തിലും മഴയില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കേരളത്തില്‍ ജലാശയങ്ങള്‍ വറ്റി തുടങ്ങി.

നദികളിലെല്ലാം നീരൊഴുക്ക് ഇപ്പോള്‍ തന്നെ നിലച്ചു തുടങ്ങി. എന്നാല്‍ വരള്‍ച്ചയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ കാര്യമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ തുടങ്ങിയിട്ടില്ല.
കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ കുടിവെള്ളമെത്തിക്കേണ്ട പഴശ്ശി സംഭരണിയുടെ ഷട്ടര്‍ കഴിഞ്ഞ ദിവസം മാത്രമാണ് അധികൃതര്‍ അടച്ചത്.
സംഭരണം എന്നത് യുക്തിക്കനുസരിച്ചാണെന്നു സാരം… !
നീരൊഴുക്ക് നന്നേ കുറഞ്ഞ പുഴയില്‍ ഇനി ജലസംഭരണം എത്രമാത്രം ഫലപ്രദമാകുമെന്ന അറിയില്ല.കഴിഞ്ഞ വര്‍ഷത്തെ കൊടും വരള്‍ച്ചയില്‍ സംസ്ഥാനത്തിന് 300 കോടിയോളം രൂപയുടെ കൃഷിനാശമാണുണ്ടായത്.

ഇത്തവണ വരള്‍ച്ച അതിനേക്കാള്‍ കടുത്ത താകുമെന്നാണ് കണക്കാക്കുന്നത്.
ജലസംരക്ഷണമുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ ഇനിയെങ്കിലും തുടങ്ങിയില്ലെങ്കില്‍ പ്രത്യാഘാതം കേരളത്തിന് താങ്ങാന്‍ കഴിയാത്തതായിരിക്കും.സംസ്ഥാനത്ത് കുടിവെള്ള വിനിയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി.കടുത്ത വരള്‍ച്ചാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കുടിവെള്ള വിനിയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ചൊവ്വാഴ്ച മുതല്‍ അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് 25ശതമാനം കുറച്ചു.അരുവിക്കരയില്‍ മൂന്ന് മാസത്തേക്കുള്ള വെള്ളം പോലും അവശേഷിക്കുന്നില്ല.പേപ്പാറയില്‍ നിന്ന് വൈദ്യുതി ഉത്പാദനശേഷം തുറന്നുവിടുന്ന വെള്ളം അരുവിക്കരയിലേക്കൊഴുകി, അവിടെ നിന്ന് തലസ്ഥാന നഗരത്തിലെത്തിക്കുന്നതാണ് പതിവ്.

നഗരത്തില്‍ വിതരണം ചെയ്യുന്ന 300 ദശലക്ഷം ലീറ്ററും വിവിധ ചെറുകിടപദ്ധതികളും ചേര്‍ത്ത് 400 ദശലക്ഷം ലീറ്ററാണ് തിരുവനന്തപുരം നഗരത്തിലെ പ്രതിദിന ജല ഉപയോഗം.ഇനി വരള്‍ച്ച നേരിടേണ്ട നടപടികളാണാവശ്യം. അതിനാണ് സർക്കാർ അടിയന്തിരമായി പ്രാധാന്യം നൽകേണ്ടതും.കേരളത്തില്‍ ഭക്ഷ്യ സുരക്ഷാപ്രശ്നങ്ങള്‍ ഉടലെടുക്കുമെന്ന അവസ്ഥയാണുള്ളത്‌.പാടം നികത്തലും കുന്നിടിക്കലും ചതപ്പും കായലും നികത്തലും നിർബാധം തുടരുന്ന കേരളം സ്വയം ശവക്കുഴി തൊണ്ടിത്തുടങ്ങിയിരിക്കുന്നു.
സർക്കാരിന്റെയും അധികാരികളുടെയും പിന്തുണയോടെ.ജനങ്ങളെ കുഴിച്ചുമൂടാൻ.