കെ.കരുണാകരൻ ;കേരളം ഭരിച്ച ഒരേ ഒരു ഇരട്ടച്ചങ്കന്‍

അഡ്വഃബി.ആര്‍.എം.ഷെഫീര്‍

അനശ്വരനായ ലീഡറില്‍ നിന്ന് വര്‍ത്തമാനകാല കോണ്‍ഗ്രസ് ഒത്തിരി പഠിക്കേണ്ടതുണ്ട്.ഇനി വേണ്ടത് ലീഡര്‍ തന്ത്രങ്ങള്‍.കേരളത്തിലെ കരുണാകരകാലഘട്ടത്തിലും ശക്തമായി ആർ എസ് എസ് ഉണ്ടായിരുന്നു..പക്ഷേ അവരുടെ രാഷ്ട്രീയ വളര്‍ച്ചക്ക് എന്നും തടസ്സം ലീഡര്‍ എന്ന കൃഷ്ണഭക്തനായിരുന്നു.എല്ലാ ഒന്നാം തീയതിയും ലോകത്തെവിടെയായാലും ഓടിയെത്തി പുലര്‍ച്ചേ രണ്ടരക്ക് എഴുന്നേറ്റ് ഗുരുവായൂരിലെ അമ്പലനടയില്‍ നിര്‍മാല്യം തൊഴുത് കളഭാഭിഷിക്തനായി നേര്യത് പുതച്ച് ഇറങ്ങി വന്ന ലീഡര്‍ ഉള്ളിടത്തോളം ഭൂരിപക്ഷസമുദായങ്ങള്‍ക്ക് തണലായി ആർ എസ് എസ് നെ ആശ്രയിക്കേണ്ടി വന്നിട്ടില്ല..കാരണം ലീഡറേക്കാള്‍ വലിയ കൃഷണഭക്തരാകാന്‍ ആർ എസ് എസ്ന് കഴിഞ്ഞിട്ടുമില്ല.ഫലത്തില്‍ കേരളത്തിലെ തീവ്രഹിന്ദുത്വ വാദികളുടെ മുനയൊടിക്കാന്‍ ഗുരുവായൂര്‍ ഭക്തനായ കെ.കരുണാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവ് മതിയായിരുന്നു.

റമദാനിലെ 27-ാം രാവിന് മുടങ്ങാതെ ഇഫ്താര്‍ ഒരുക്കിയും,ബിഷപ്പുമാരുടെ പ്രിയ തോഴനായും മതേതര കേരളത്തിലെ അഹങ്കാരമായി ലീഡര്‍ മാറി.എന്നാല്‍ തോളില്‍ കയറി നിരങ്ങാന്‍ ആരേയും അനുവദിച്ചുമില്ല. കേരളാകോണ്‍ഗ്രസ് മധ്യകേരളത്തില്‍ കോണ്‍ഗ്രസ് ന് ഭീഷണിയായപ്പോഴെല്ലാം അതിനെ പിളര്‍ത്താനും,പിളര്‍ന്ന് വരുന്നവരെ സംരക്ഷിച്ച് സഹായിച്ചും കൃത്യമായ ഇടപെടല്‍ നടത്തിയത് കേരളം കണ്ടു..ഇന്ന് കെ എം മാണിയുടെ നന്ദികേടും,വിലപേശലും കാണുമ്പോള്‍ ലീഡറെ ഓര്‍ത്ത് പോകും.ഇതിനിടയില്‍ പലതവണ പിളര്‍ന്നേനെ മാണിയും,മകനും. ജാതിരാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുമ്പോഴും,ജാതി തമ്പുരാക്കന്‍മാരുടെ പേടി സ്വപ്നമായിരുന്നു ലീഡര്‍.ഒരു ജാതിസംഘടനയുടേയും ദര്‍ബാറുകളില്‍ പോയില്ലന്ന് മാത്രമല്ല വരേണ്ടവരെ വരുത്തേണ്ടിടത്ത് വരുത്തിയിരുന്നു .ഒരുദാഹരണം എൻ എസ് എസ് കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദ്ധമുണ്ടാക്കുന്നതും,എൻ എസ് എസ് നേതാവിന് വല്ലാത്ത ജനപ്രീതിയുണ്ടാകുന്നതും തിരിച്ചറിഞ്ഞ് ലീഡര്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.എൻ എസ് എസ് നേതാവ് കിടങ്ങൂരിനെ പ്രലോഭിപ്പിച്ച് ഇന്ദിരാഗാന്ധിയെ കൊണ്ട് സിംഗപൂര്‍ ഹൈക്കമ്മീഷണറാക്കി നാടുകടത്തിച്ചു.ഫലമോ എൻ എസ് എസ് ല്‍ ഉണ്ടായ ഭിന്നിപ്പും,പിളര്‍പ്പും.

ഇപ്പോള്‍ശ്രീ. വെള്ളാപ്പള്ളിയുണ്ടാക്കിയ ബി ഡി ജെ എസ് പോലൊരു പാര്‍ട്ടി എസ് ആർ പി ഉണ്ടായി.എൻ എസ്ന് എസ്സിന് എൻ ഡി പി എന്ന പാര്‍ട്ടിയും. രണ്ടിനേയും അടുത്ത് നിര്‍ത്തി കേരളരാഷ്ട്രീയ ഭൂമിയില്‍ നിന്ന് തുടച്ച് മാറ്റിയ തന്ത്രം ഇന്നും പ്രസക്തം. ഗുജറാത്തില്‍ കോണ്‍ഗ്രസ് തോറ്റത് കേവലം പത്ത് സീറ്റിനാണ്.15 ഇടത്ത് തോറ്റത് 1500നും 150 നും ഇടയില്‍ വോട്ടിന്.സകലമാന ബി ജെ പി വിരുദ്ധരേയും ഒരു മുന്നണിയില്‍ കൊണ്ട് വരാന്‍ കഴിയാത്തത് അവരുടെ അനാവശ്യ അവകാശവാദം കൊണ്ടാകാം.കേരളത്തിലെ സി പി എം -കോണ്‍ഗ്രസ് വോട്ട് വ്യത്യാസം 5% വരെ യാണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ ലീഡര്‍ പണിതുടങ്ങി.സകല സി പി എം വിരുദ്ധരേയും ഒരുമിച്ച് കൂട്ടി യു ഡി എഫ് ഉണ്ടാക്കി.ഇന്ത്യയിലെ ആദ്യ കൂട്ടുകക്ഷി മുന്നണിയും ,സര്‍ക്കാരും അങ്ങനെ നിലവില്‍വന്നു.

1964 ലെ കമ്മ്യൂണിസ്ററ് പിളര്‍പ്പ് മുതലെടുത്ത് CPI യെയും,RSP നേതാവ് ബേബിജോണിനേയും കൂടെ ചേര്‍ത്തതും ലീഡര്‍ .അതുവഴി 1964മുതല്‍ 1987 വരെ സാക്ഷാല്‍ ഇ.എം.എസ് നെ പ്രതിപക്ഷത്തിരുത്തിയ തന്ത്രം കേരളത്തിലെ ചരിത്രമാണ്.വൃദ്ധനേതാക്കളുടെ തടവറയിലായ കോണ്‍ഗ്രസലെ യുവാക്കളെ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റില്‍ നിര്‍ത്തി മല്‍സരിപ്പിച്ചത് വഴി സി പി എമ്മിലെ വൃദ്ധസ്ഥാനാര്‍ത്ഥികളെ വിറപ്പിച്ചു.ഫലമോ കേരളത്തിലെ യുവാക്കളുടെ തള്ളിക്കയറ്റം കോണ്‍ഗ്രസ് ലുണ്ടായി.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മന്ത്രിയായി കാറില്‍ വന്നിറങ്ങിയതും,യുവ എം എൽ എ മാരെ കൊണ്ട് നിയമസഭയും,ലോക്സഭയും,കെ പി സി സി യും നിറച്ചതും ലീഡര്‍ .ഇന്ന് ആ പരീക്ഷണത്തിന് ഏതെങ്കിലും നേതാവ് തയ്യാറാകുമോ?

സീറ്റ് നല്‍കുക മാത്രമല്ല മുന്നില്‍ നിന്ന് ജയിപ്പിക്കുക കൂടി ചെയ്യുമായിരുന്നു.ഇന്നത്തെ വെള്ളിമൂങ്ങാ രാഷ്ട്രീയത്തിന് ഒരു പരിഹാരമേ ഉള്ളൂ.3/2 സീറ്റ് യുവാക്കള്‍ക്കും,പുതുമുഖങ്ങള്‍ക്കും. വികസനത്തിന് എതിരു നില്‍ക്കുന്നവരെ നിര്‍ദ്ധയം നേരിട്ടാണ് നെടുമ്പാശ്ശേരിയും,ഗോശ്രീയും,ഏഴിമലയും,വല്ലാര്‍പാടവും,കായംകുളവും,ടെക്നോപാര്‍ക്കും എല്ലാം സാധ്യമാക്കിയത്.ലീഡര്‍ തെരഞ്ഞെടുപ്പില്‍ ഏറെ ആശ്രയിച്ചത് പ്രാദേശികകരുത്തന്‍മാരെ യായിരുന്നു.എല്ലാ ജില്ലയിലെയും പഞ്ചായത്ത് യോഗത്തില്‍ വരെ നേരിട്ട് ചെന്നു സ്റ്റേറ്റ് കാറില്‍.യോഗം അവസാനിക്കും മുമ്പ് അവിടുത്തെ പാര്‍ട്ടിയുടെ ശക്തനായ നേതാവിനെ ഉറക്കെ പേര് വിളിച്ച് തോളില്‍ പിടിച്ച് ഒരു സംസാരമുണ്ട്.അത് പോലീസുകാര്‍ക്കും,ഉദ്യോഗസ്ഥര്‍ക്കും ഉള്ള സിഗ്നലാണ്…”ഇയാളാണ് പാര്‍ട്ടി .പാര്‍ട്ടിയെ പിണക്കുന്നവര്‍ക്ക് പിന്നെ രക്ഷയില്ല ..” പാര്‍ട്ടിയോഗത്തില്‍ വിമര്‍ശിച്ച് പറയുന്നവരേയും,അഭിപ്രായം പറയുന്നവരേയും ഞെക്കികൊന്നില്ല.പകരം അവരേയും പരിഗണിച്ചു.ഒരു ഉദാഹരണം .നിയമസഭാകക്ഷിയില്‍ നിന്നും കെ പി സി സി മെമ്പര്‍ആകുന്നവരുടെ ലിസ്ററ് തയ്യാറാക്കിയ ശ്രീ.ഉമ്മന്‍ചാണ്ടീ ക്ക് ഒടുവില്‍ ഒരാളെ ഉള്‍പ്പെടുത്താന്‍ തന്‍െറ പേര് ഒഴിവാക്കേണ്ടിവന്നു.ലിസ്ററ് നോക്കിയ ലീഡര്‍ ഒരു പേര് വെട്ടി ഉമ്മന്‍ചാണ്ടീസാറിന്‍െറ പേര് എഴുതി വച്ചു. താന്‍ തയ്യാറാക്കുന്ന ലിസ്ററില്‍ യുവാക്കളും,കഴിവുള്ളവരും,പ്രാസംഗികരും,പാര്‍ട്ടിയുടെ പ്രചാരകരും,തൊഴിലാളിനേതാക്കള്‍ക്കും പ്രാതിനിത്യം ഉറപ്പാക്കി.അവസാന കരട് ലിസ്ററ് നോക്കി മുസ്ളീം ,കൃസ്ത്യന്‍,ദളിത് പേരുകള്‍ ഉറപ്പാക്കും.എപ്പോഴും എല്ലാ ജാതി മതത്തിലെയും നേതാക്കളെ ഒരു പോലെ വളര്‍ത്തി.

ഒരിക്കലും താന്‍ പറയുന്ന പേരുകള്‍ ഒരേ സമുദായം മാത്രമാവാതെ ശ്രദ്ധിച്ചു.ഒരിക്കലും ഘടകക്ഷികളെ കോണ്‍ഗ്രസ് കാര്യത്തില്‍ ഇടപെടല്‍ നടത്താനനുവദിച്ചില്ല.എന്നാല്‍ ഘടകക്ഷി വകുപ്പിലെ ഫയലും വിളിച്ചു വരുത്തി വെട്ടി തിരുത്തും..ഉദാഹരണം വിദ്യാഭ്യാസമന്ത്രി മുസ്ളീം ലീഗ് മന്ത്രി തയ്യാറാക്കിയ അൺഎയിഡഡ് സ്കൂളുകളുടെ ലിസ്റ്റിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാവായ വര്‍ക്കല ഇടവയിലെ ആളിന്‍െറസ്‌കൂൾ പേരില്ല.അറിഞ്ഞ ഉടന്‍ ലിസ്ററ് വരുത്തി ആദ്യ പേര് വെട്ടി പേരെഴുതി ഫയല്‍ മടക്കി. കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയത്തില്‍ കരുണാകര തന്ത്രങ്ങള്‍ക്ക് പ്രസക്തി ഏറുകയാണ്.ചിലരെ പിളര്‍ത്താന്‍.ചിലരെ ചേര്‍ക്കാന്‍.യുവാക്കള്‍ക്ക് സീറ്റ് കിട്ടാന്‍.ആർ എസ് എസ്സിനെ ചെറുക്കാന്‍. അങ്ങനെ പലതുണ്ട്.