മൂന്നാം ടി 20യും ജയിച്ച് സമ്പൂര്‍ണ വിജയവുമായി ഇന്ത്യ

മുംബൈ: മൂന്നാം ടി 20യും ജയിച്ച് സമ്പൂര്‍ണ വിജയവുമായി ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ, 3-0ന് പരമ്പരയും തൂത്തുവാരി. ലങ്കയുടെ 135 റണ്‍സ് നാല് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (30), മനീഷ് പാണ്ഡെ (32), ദിനേശ് കാര്‍ത്തിക് (18) എം.എസ്. ധോണി (16) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഇന്ത്യന്‍ മധ്യനിരയുടെ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്ക സമ്മര്‍ദതന്ത്രം പയറ്റിയെങ്കിലും ധോണിയും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. കാര്‍ത്തിക് 12 പന്തില്‍ 18ഉം ധോണി 10 പന്തില്‍ 16 റണ്‍സും നേടി പുറത്താകാതെ നിന്നു. ലോകേഷ് രാഹുല്‍(ഒമ്പത് പന്തില്‍ നാല്), ഹാര്‍ദിക് പാണ്ഡ്യ(നാലു പന്തില്‍ നാല്) എന്നിവര്‍ക്ക് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല.

ലങ്കയ്ക്കായി അഖില ധനഞ്ജയ, ദസുന്‍ ഷനക എന്നിവര്‍ രണ്ടു വിക്കറ്റുവീതം വീഴ്ത്തി. ലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ജയ്‌ദേവ് ഉനദ്ഘട്ടിനാണ് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍.

മൂന്നാം മല്‍സരത്തില്‍ വിക്കറ്റു കളയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ലങ്കയെ ചെറിയ സ്‌കോറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞൊതുക്കി. 135 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ ഏഴു വിക്കറ്റുകള്‍ വീണു. 37 പന്തില്‍ 36 റണ്‍സെടുത്ത അസേല ഗുണരത്‌നെയാണ് അവരുടെ ടോപ്‌സ്‌കോറര്‍. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുംവിധം ലങ്കന്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, ജയ്‌ദേവ് ഉനദ്ഘട്ട് എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. വാഷിങ്ടന്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

നിരോഷന്‍ ഡിക്‌വെല്ല (ഒന്ന്), ഉപുല്‍ തരംഗ (11), കുശാല്‍ പെരേര (നാല്), സമരവിക്രമ (21), ധനുഷ്‌ക ഗുണതിലക (മൂന്ന്), തിസാര പെരെര (11), അസേല ഗുണരത്‌ന (36) എന്നിവരാണ് ലങ്കന്‍ നിരയില്‍ പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഒരു റണ്‍സ് മാത്രമെടുത്ത് നിരോഷന്‍ ഡിക്‌വെല്ല, ജയ്‌ദേവ് ഉനദ്ഘട്ടിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി മടങ്ങി.

14 റണ്‍സില്‍ നില്‍ക്കെ ലങ്കയ്ക്കു രണ്ടാം വിക്കറ്റ് നഷ്ടമായി. നാലു റണ്‍സെടുത്ത പെരെരയെ ക്യാച്ചെടുത്ത് വാഷിങ്ടന്‍ സുന്ദര്‍ പുറത്താക്കുകയായിരുന്നു. ഉനദ്ഘട്ടിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ഉപുല്‍ തരംഗയുടെ മടക്കം. 17 പന്തില്‍ 21 റണ്‍സ് നേടിയ സദീര സമര വിക്രമയെ പാണ്ഡ്യയുടെ പന്തില്‍ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്ത് മടക്കി.

ഗുണതിലകയെ ഹാര്‍ദിക് പാണ്ഡ്യയും തിസാര പെരെരയെ മുഹമ്മദ് സിറാജും മടക്കി. 36 റണ്‍സുമായി നിലയുറപ്പിച്ച ഗുണരത്‌നെയും പാണ്ഡ്യയുടെ പന്തിലാണ് പുറത്തായത്. കുല്‍ദീപിന് ക്യാച്ച് നല്‍കി ഗുണരത്‌നെയും കൂടാരം കയറി. ദസുന്‍ ഷനക (18 പന്തില്‍ 17), അഖില ധനഞ്ജയ (ഏഴു പന്തില്‍ 11) എന്നിവര്‍ പുറത്താകാതെ നിന്നു.