കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഇക്കുറി തിളക്കമില്ലാത്ത ആഘോഷം.

കൊച്ചി: ക്രിസ്മസ് ആവേശത്തോടെ ആഘോഷിക്കുന്ന കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഇക്കുറി തിളക്കമില്ലാത്ത ആഘോഷം.
തിരുപ്പിറവി ആഘോഷം വന്നെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തീരദേശത്തെ ആരാധനാലയങ്ങളും വീടുകളും വര്‍ണാഭമായി അലങ്കരിച്ച് ആഘോഷത്തിമര്‍പ്പിലായിരുന്നു ക്രിസ്മസിനെ വരവേറ്റിരുന്നത്. എന്നാല്‍ ഇത്തവണ ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം തകര്‍ത്തെറിഞ്ഞതിനൊപ്പം ആഘോഷങ്ങളെയും തല്ലിക്കെടുത്തി.
കേരള തീരത്ത് 74 മരണങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവനോടെ ഉണ്ടോ എന്നറിയാതെ നെഞ്ചില്‍ തീയുമായി കഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. ഓഖി ചുഴലിക്കാറ്റിന് മുന്‍പ് ആഴക്കടലില്‍ മത്സ്യബന്ധനത്തിനുപോയ 208 പേര്‍ ഇനിയും തിരിച്ചെത്താന്‍ ബാക്കിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി സമ്മതിക്കുമ്പോള്‍ 317 പേര്‍ തിരിച്ചെത്താനുള്ള കണക്കാണ് കത്തോലിക്കാസഭ നിരത്തുന്നത്. കന്യാകുമാരിയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ 217 പേര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.
സാധാരണഗതിയില്‍ ആഴക്കടലില്‍ മീന്‍പിടുത്തത്തിന് പോകുന്നവര്‍ ആഴ്ചകളോളം കടലില്‍ തങ്ങാറുണ്ട്. എന്നാല്‍ ഇവര്‍ ക്രിസ്മസിന് ദിവസങ്ങള്‍ക്കുമുന്‍പുതന്നെ തിരിച്ചെത്താറുമുണ്ട്. ഇക്കുറി പക്ഷേ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ദിവസമായിട്ടും തിരിച്ചെത്താത്തത് കരയില്‍ കാത്തിരിക്കുന്ന കുടുംബങ്ങളുടെ നെഞ്ചില്‍ കനലെരിയിക്കുകയാണ്.
കാണാതായവരെ മുഴുവന്‍ ക്രിസ്മസിനു മുന്‍പായിതന്നെ തിരിച്ചെത്തിക്കാമെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ടു വന്നു നല്‍കിയ ഉറപ്പുകള്‍ അടക്കം എല്ലാം ജലരേഖയായി മാറുകയും ചെയ്തു.
ഓഖി ദുരന്തം ബാധിക്കാത്ത പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും കഴിഞ്ഞ ഒരുമാസമായി കടുത്ത ദുരിതത്തിലാണ് കഴിയുന്നത്. ആഴ്ചകളായി നേരാംവണ്ണം മീന്‍ പിടുത്തത്തിനു പോകാന്‍ മിക്കവര്‍ക്കും കഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന വിവാദത്തിനുശേഷം ഒട്ടുമിക്ക ദിവസങ്ങളിലും അധികൃതര്‍, കടലില്‍ പോകുന്നതിനെതിരേ മത്സ്യത്തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്.
മുന്നറിയിപ്പ് അവഗണിച്ചു പോകാന്‍ മീന്‍പിടുത്തക്കാര്‍ മടിക്കുകയും ചെയ്യുന്നു. ഇതോടെ മത്സ്യബന്ധനവും വിപണനവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് വരുമാനം നിലക്കുകയും ചെയ്തു. അതിനാല്‍ തന്നെ ഇത്തവണ അലങ്കാരങ്ങളുടെ പൊലിമ കുറഞ്ഞു. തീരപ്രദേശത്ത് ചര്‍ച്ചുകളിലും വീടുകളിലും പേരിനുമാത്രമാണ് അലങ്കാരങ്ങള്‍ ഉള്ളത്.
ക്രിസ്മസ് കരോള്‍ സംഘങ്ങളുടെ എണ്ണത്തില്‍ പോലും കുറവുണ്ടായിട്ടുണ്ട്.