പലിശരഹിത സഹകരണ ബാങ്കിനോട് സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

കണ്ണൂര്‍: പി. ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ആരംഭിച്ച പലിശരഹിത സഹകരണ ബാങ്കിനോട് സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമപരമായ സാധുതയെകുറിച്ച് പഠനം നടത്താതെയാണ് കണ്ണൂരില്‍ ഹലാല്‍ ഫായിദ എന്ന സഹകരണ സംഘത്തിന് തുടക്കമിട്ടതെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍.ഇന്നലെ ഹലാല്‍ ഫായിദ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംശയംമറച്ചുവച്ചില്ല. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചുവേണം സൊസൈറ്റിയുമായി മുന്നോട്ടുപോകേണ്ടതെന്ന് മുഖ്യമന്ത്രി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. പി. ജയരാജനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. സൊസൈറ്റി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏറെയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്രയും കാര്യങ്ങള്‍ ഈ സൊസൈറ്റിക്ക് നടപ്പാക്കാന്‍ കഴിയുമോയെന്നായിരുന്നു മുഖ്യമന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്. തുടര്‍ന്ന് പ്രസംഗിച്ച സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സൊസൈറ്റിയുടെ ബൈലോയിലുള്ള കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തിലാണ് നടപ്പാക്കുകയെന്ന് വിശദീകരിച്ചിരുന്നു.

വേണ്ടത്ര മുന്നൊരുക്കങ്ങളോ ആലോചനയോ നടത്താതെയാണ് പലിശരഹിത ബാങ്കുമായി സി.പി.എം മുന്നിട്ടിറങ്ങിയതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സി.പി.എം ഈ ആശയത്തിന് തുടക്കമിട്ടപ്പോള്‍ രാജ്യത്ത് ഇസ്‌ലാമിക ബാങ്ക് സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, ഇക്കഴിഞ്ഞ നവംബറില്‍ ഇസ്‌ലാമിക ബാങ്കിന് ഇന്ത്യയില്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിക ബാങ്കെന്ന പേര് ഉപയോഗിക്കാതെ പലിശരഹിത ബാങ്ക് എന്ന ആശയവുമായി സി.പി.എം മുന്നോട്ടുപോകുകയായിരുന്നു.

ഹരിതവല്‍ക്കരണം, ആഗോളതാപ വ്യതിയാനത്തിലുള്ള ഇടപെടല്‍, കാര്‍ഷിക, വ്യവസായ ഉല്‍പാദന രംഗത്തുള്ള ഇടപെടല്‍, ആട്, മാട് ഇറച്ചി വിപണനം, സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നര്‍ക്ക് പലിശരഹിത വായ്പ, സാങ്കേതിക സഹായം എന്നിവ സൊസൈറ്റി നല്‍കുമെന്നാണ് ബാങ്കിന്റെ ബൈലോയില്‍ വ്യക്തമാക്കുന്നത്. ഇതാണ് സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിരിക്കുന്നത്.
സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളാണ് ജില്ലയിലെ പാര്‍ട്ടിയുടെ അടിത്തറ. സഹകരണ സംഘങ്ങളുടെ വളര്‍ച്ചയിലൂടെയാണ് സി.പി.എം കണ്ണൂരിലും കേരളത്തിലും വളര്‍ന്നത്. പാര്‍ട്ടിയുടെ പുതിയ പലിശരഹിത പരീക്ഷണം നിലവിലുള്ള സഹകരണ സംഘങ്ങള്‍ക്കും ഭീഷണിയാകും. മാത്രമല്ല, പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ സംരംഭക ചുമതല ഏറ്റെടുത്ത് മുതല്‍മുടക്കിയവര്‍ക്ക് ലാഭമുണ്ടാക്കി നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് മോശം പ്രവണതകള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ കണ്ണൂരിലെ പുതിയ പരീക്ഷണം സംസ്ഥാന സമിതിയില്‍ സജീവ ചര്‍ച്ചയാകാനിടയുണ്ട്.