പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വ്യവസായ, ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. കെ.എം എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എബ്രഹാമിനെ സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായി നിയമിക്കും.

ജനുവരി ഒന്നിന് പോള്‍ ആന്റണി ചീഫ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കും. വ്യവസായ വകുപ്പിന്റെ താല്‍ക്കാലിക ചുമതല ജനുവരി ഒന്നു മുതല്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസിനു നല്‍കും.

ഊര്‍ജ വകുപ്പിന്റ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവനായിരിക്കും. ചീഫ് സെക്രട്ടറി എന്ന നിലയില്‍ കെ.എം എബ്രഹാമിന്റെ സ്തുത്യര്‍ഹമായ സേവനത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.

1983 ഐ.എ.എസ് ബാച്ചില്‍ പെട്ട പോള്‍ ആന്റണി നേരത്തേ കെ.എസ്.ഇ.ബി ചെയര്‍മാനും എം.ഡിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.കെ ദുബെ, അരുണ സുന്ദര്‍രാജ് എന്നിവരാണ് പോള്‍ ആന്റണിയെക്കാള്‍ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥര്‍. എന്നാല്‍, അവര്‍ കേരളത്തിലേക്കു തിരിച്ചുവരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പോള്‍ ആന്റണിയെ പരിഗണിച്ചത്.

മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉള്‍പെട്ട ബന്ധുനിയമന കേസില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സാഹചര്യത്തില്‍ വ്യവസായ സെക്രട്ടറിയായി തുടരുന്നതില്‍ ധാര്‍മികതയില്ലെന്ന് കാണിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കത്ത് സ്വീകരിക്കാതിരിക്കുകയായിരുന്നു.

പുനഃസംഘടിപ്പിക്കുന്ന സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സിലില്‍ ഡോ. കെ.എം എബ്രഹാമിനെ കൂടാതെ പ്രശസ്ത നാനോശാസ്ത്രജ്ഞന്‍ ഡോ. പുളിക്കല്‍ അജയന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, ബാങ്കിങ് വിദഗ്ധന്‍ ശ്യാം ശ്രീനിവാസന്‍, പ്രശസ്ത രസതന്ത്ര ഗവേഷകന്‍ ഡോ. കെ.എം എബ്രഹാം(യു.എസ്.എ.) എന്നിവര്‍ അംഗങ്ങളായിരിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ(കിഫ്ബി) സി.ഇ.ഒയുടെ ചുമതല കെ.എം എബ്രഹാം തുടര്‍ന്നും വഹിക്കും. സര്‍ക്കാരിന്റെ ധനകാര്യം (ഇന്‍ഫ്രാസ്ട്രക്ചര്‍), ആസൂത്രണ സാമ്പത്തിക കാര്യം (ഡെവലപ്‌മെന്‍് ആന്‍ഡ് ഇന്നവേഷന്‍) എന്നീ വകുപ്പുകളുടെ എക്‌സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരിക്കും എബ്രഹാം.