സെന്‍കുമാര്‍ കേസ് പോലെ ആകുമോ ജേക്കബ് തോമസ് കേസും?

സുപ്രീം കോടതി ബീറ്റ് കവര്‍ ചെയ്യുന്ന എന്നെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് 2017 ല്‍ ലഭിച്ച ഏറ്റവും ‘പ്രമാദമായ ‘ കേസുകളില്‍ ഒന്ന് സെന്‍കുമാര്‍ കേസ് ആയിരുന്നു. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ രണ്ട് ഷീറ്റ് ഉത്തരവിലെ ഓരോ വരികളും ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിലിട്ട് അലക്കിയതിന് ഞാനും സാക്ഷി ആണ്. ഒരു സ്ഥലംമാറ്റ ഉത്തരവിലെ ഓരോ വരിയും നിയമത്തിന്റെ ഒരായിരം കടമ്പകള്‍ കടക്കാന്‍ പ്രാപ്തി ഉണ്ടായിരിക്കണം എന്ന് വ്യക്തിപരമായി എന്നെ പഠിപ്പിച്ച ഒരു കേസ് കൂടി ആയിരുന്നു അത്.

ഇന്ന് രാവിലെ മുതല്‍ ലാവലിന്‍ കേസിന്റെ പിന്നാലെ ആയിരുന്നു. വൈകിട്ട് ആണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് കണ്ടത്. ഞാന്‍ ഒരു അഭിഭാഷകനോ സര്‍വീസ് നിയമങ്ങളില്‍ പണ്ഡിതനോ അല്ല. പക്ഷേ ഈ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ വായിച്ചപ്പോള്‍ ജേക്കബ് തോമസിന് സെന്‍കുമാറിനെ പോലെ ഒരു നല്ല കേസിന് സ്‌കോപ്പ് ഉണ്ടെന്ന് തോന്നുന്നു. എനിക്ക് തോന്നിയ കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഓര്‍ഡറില്‍ പറയുന്നത് Rule 3 (1A) of the All India Services (Discipline & Appeal) Rules 1969 പ്രകാരം ആണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് എന്നാണ്. Rule 3 (1A) states that ‘If the government of a state or the cetnral government as the case may be is of the opinion that a member of the service has engaged himself in activities prejudicial to the interest of the securtiy of the state, that government may – (a) If the member of the service is serving under that government pass an order placing him under suspension’.

എന്റെ സംശയങ്ങള്‍ ഇവയാണ്

1. സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ തന്നെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ആയ ഡി ജി പി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ആണ് ജേക്കബ് തോമസ് എന്ന് പറഞ്ഞിട്ടുണ്ട്. All India Services (Discipline & Appeal) Rules 1969 (2009 ല്‍ ഭേദഗതി ചെയ്തത്) പ്രകാരം ചീഫ് സെക്രട്ടറി, ഡി ജി പി, പ്രിസിപ്പല്‍ ചീഫ് ഫോറെസ്റ്റ് കണ്‍സേര്‍വേറ്റര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണം എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഒരു അനുമതി ലഭിച്ച ശേഷം ആണോ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്?

2. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തികളില്‍ ജേക്കബ് തോമസ് ഏര്‍പ്പെട്ടു എന്നാണ് ചാര്‍ജ്. സാധാരണ ഒരു കുറ്റം അല്ല ഇത്. ഇതിന് സര്‍ക്കാരിന് മുന്നില്‍ ഉള്ള മെറ്റീരിയല്‍ എവിഡന്‍സ് എന്താണ്? കേവലം പത്രവാര്‍ത്തയുടെയും, ടി വി ക്ലിപ്പിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു എന്ന് നിഗമനത്തില്‍ എത്താന്‍ സര്‍ക്കാരിന് സാധിക്കുമോ? സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി ചോദിച്ച ഒരു ചോദ്യം പ്രസക്തമാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോയ്ക്ക് താത്പര്യം ഇല്ല എന്ന് കരുതി പൊതുജനത്തിന് സെന്‍കുമാറിനെ താത്പര്യം ഇല്ല എന്ന് എങ്ങനെ കരുതാന്‍ ആകും?

3. ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് ചീഫ് സെക്രട്ടറി കെ എം എബ്രഹാം ആണ്. കെ എം എബ്രഹാമിന് എതിരെ അന്വേഷണം നടത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ ആണ് ജേക്കബ് തോമസ്. ഇരുവരും തമ്മില്‍ ഉള്ള ശത്രുത പരസ്യമായ രഹസ്യവും. കെ എം എബ്രഹാമിന്റെ ഉദ്ദേശശുദ്ധി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.

4. ഇനിയാണ് ഏറ്റവും രസകരം ആയ കാര്യം. ജേക്കബ് തോമസ് കേസുമായി ആദ്യം പോകേണ്ടത് കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലില്‍ ആണ്. അവിടെ ഉള്ള ഒരു അംഗം ആകട്ടെ ജേക്കബ് തോമസ് അന്വേഷിച്ച പാറ്റൂര്‍ കേസില്‍ ഉള്‍പ്പെട്ട വ്യക്തിയും.

വളരെ വേഗം ഈ കേസ് ഇങ്ങ് സുപ്രീം കോടതിയില്‍ എത്തും എന്ന് പ്രതീക്ഷിച്ച് കൊണ്ട് നിര്‍ത്തുന്നു. കഥാപാത്രങ്ങള്‍ മാത്രമേ മാറുന്നുള്ളു. 2017 ല്‍ സെന്‍കുമാറും നളിനി നെറ്റോയും തമ്മില്‍ ഉള്ള അടി ആയിരുന്നു എങ്കില്‍ 2018 ല്‍ ജേക്കബ് തോമസും കെ എം എബ്രഹാമും തമ്മില്‍ ഉള്ള അടി ആണ് ഇങ്ങ് എത്താന്‍ പോകുന്നത് എന്ന് മാത്രം.

(മാധ്യമ പ്രവര്‍ത്തകന്‍ ബാലഗോപാലിന്റെ കുറിപ്പ് )