എനിക്കു വേണ്ടി പ്രതികരിക്കാന്‍ ഞാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല; മമ്മൂട്ടി

നടി പാര്‍വതിക്ക് എതിരായി ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി മമ്മൂട്ടി.”പാര്‍വതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു.എന്നാല്‍ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടില്ല.

വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമ്മുക്ക് വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങളാണ്. സ്വാതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്.എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല.ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും.”