ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പൊലിസ് മര്‍ദ്ദനം: അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

കോഴിക്കോട്: തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവരെ പൊലിസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര മേഖലാ എ.ഡി.ജി.പി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം രാത്രി കസബ എസ്.ഐയും രണ്ടു പൊലിസുകാരും ചേര്‍ന്ന് ഭിന്നലിംഗക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന മമത ജാസ്മിന്‍, സുസ്മി എന്നിവരെയാണ് പൊലിസ് മര്‍ദ്ദിച്ചത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാത്രി അസമയത്ത് റോഡില്‍ കാണരുതെന്ന് മുന്‍പ് പറഞ്ഞിട്ടില്ലേ എന്നു ചോദിച്ചായിരുന്നുവത്രെ പൊലിസ് മര്‍ദ്ദനം.

ജാസ്മിന്റെ മുതുകില്‍ ലാത്തി അടിയേറ്റ് മുറിഞ്ഞ പാടുണ്ട്. ഗുരുതരമായി പരുക്കേറ്റതിനാല്‍ കിടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. സുസ്മിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
എന്നാല്‍, ഇവര്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് ഇടപെടുകയായിരുന്നുവെന്നും പൊലിസ് നടപടിയിലല്ല ഇവര്‍ക്കു പരുക്കേറ്റതെന്നുമാണ് പൊലിസ് വിശദീകരിച്ചത്.

സംഭവത്തില്‍ കസബ എസ്.ഐക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പൊലിസ് മേധാവി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഡി.സി.പി മെറിന്‍ ജോസഫിനാണ് കേസിന്റെ അന്വേഷണച്ചുമതല. പിന്നീടാണ് മുഖ്യമന്ത്രി അന്വേഷണത്തിനായി ഉത്തരവിട്ടത്.

സാക്ഷരതാ മിഷന്റെ കലോത്സവത്തിനിടെയുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. അതിനിടെ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.