മുംബൈയിലെ തീപ്പിടുത്തം; അഞ്ചു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: മുംബൈയിലെ സേനാപതി മാര്‍ഗിലെ കമല മില്‍ കോംപൗണ്ടിലുണ്ടായ തീപ്പിടുത്തത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ അഞ്ചു കോര്‍പ്പറേഷന്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

രണ്ടു ജൂനിയര്‍ എന്‍ജീനിയര്‍മാരെയും ഒരു സബ് എന്‍ജിനീയറെയും ഒരോ മെഡിക്കല്‍ ഓഫിസറെയും ഫയര്‍ ഓഫിസറെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായാണ് ഇവരെ സസ്‌പെന്‍സ് ചെയ്തതെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ അജോയ് മെഹ്ത പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാവുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമല മില്‍സ് കോംപൗണ്ടിലെ കെട്ടിടത്തിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്. അര്‍ധരാത്രി 12.30ഓടെയുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരില്‍ 12 പേരും സ്ത്രീകളാണ്. മൂന്നു മണിക്കൂര്‍ നീണ്ട കഠിനപ്രയത്‌നത്തിനൊടുവിലാണ് തീനിയന്ത്രണവിധേയമായത്. തീപ്പിടുത്തത്തില്‍ 23 പേര്‍ക്കാണ് പരുക്കേറ്റത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശിവസേന എം.പിയായ അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു.