ബംഗളൂരുവിനോട് തോറ്റ് മഞ്ഞപ്പട

കൊച്ചി: പുതുവത്സരം വിജയത്തിന്റെ മധുരം രുചിക്കാമെന്ന മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നിരാശ. ബംഗളൂരുവുമായുള്ള മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് കേരളം തോറ്റത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 2017ലെ അവസാന മത്സരമായ ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും തമ്മിലുള്ള മത്സരം പോരാട്ടത്തിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും തീപ്പാറുമെന്ന ആരാധക പ്രതീക്ഷകളെ തകര്‍ത്താണ് മുന്നോട്ടുപോയത്. മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച നീലപ്പട കേരള ഗോളിയെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. നിരവധി സേവുകളാണ് ഗോളിയായ സുബാഷിഷ് റോയ് നടത്തിയത്. തീര്‍ത്തും നിറം മങ്ങിയ പ്രകടനമായിരുന്നു മഞ്ഞപ്പടയുടെ പ്രതിരോധം. മത്സരത്തിന്റെ ആദ്യ പകുതി ഗോളുകളൊന്നും നേടാതെ ഇരു ടീമുകളും മടങ്ങി.

സ്വന്തം മൈതാനത്ത് 37000ത്തോളം വരുന്ന കാണികള്‍ക്ക് വിജയത്തിന്റെ മധുരം സമ്മാനിക്കാമെന്ന മഞ്ഞപ്പടയുടെ സ്വപ്‌നത്തില്‍ പരാജയത്തിന്റെ ആദ്യത്തെ ആണിക്കല്ല് അടിച്ചുകയറ്റിയത് ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ്. 60ാം മിനുറ്റില്‍ കേരള ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ കൈ ഗോള്‍ പോസ്റ്റിനു മുമ്പില്‍ വച്ച് പന്തില്‍ തട്ടി. ഇതോടെ റഫറി ബംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഛേത്രി ലക്ഷ്യം നേടി. ബംഗളൂരു 1-0 മുന്നിലെത്തി.

എന്നാല്‍, മത്സരത്തിന്റെ ഗതി നിര്‍ണയിക്കപ്പെട്ടത് അധികസമയത്താണ്. മുഴുവന്‍ സമയവും ഒരു ഗോളിന് മുന്നില്‍ ബംഗളൂരു നിന്നെങ്കിലും പ്രതീക്ഷയുമായി മുന്നോട്ടു പോയ കേരളത്തിന്റെ വിജയമെന്ന പ്രതീക്ഷയില്‍ അവസാന ആണിക്കല്ല് അടിച്ചിറക്കി ബംഗളൂരു താരം മിക്കു. മത്സരം അവസാനിക്കാന്‍ ഏതാനും സെക്കന്റുകളുള്ളപ്പോള്‍ കേരളത്തിന്റെ ആശ്വാസ ഗോള്‍ താരം കറേജ് പെകുസണ്‍ നേടി.

തോല്‍വിയോടെ ഏഴു കളികളില്‍ നിന്ന് ഒരു വിജയവും രണ്ടു തോല്‍വിയും നാലു സമനിലയുമായി ഏഴു പോയിന്റ് നേടി എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട. എട്ടു മത്സരങ്ങൡ നിന്ന് അഞ്ചു വിജയവും മൂന്നു തോല്‍വിയുമായി 15 പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ് ബംഗളൂരു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ