2018 ജനുവരി സഭാതാരക മാസമായി ആചരിക്കുന്നു

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ ദൗത്യനിര്‍വഹണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാ താരക 125 വര്‍ഷങ്ങള്‍ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ താരകയുടെ ജന്മമാസമായ ജനുവരി സഭാതാരക മാസമായി ആചരിക്കണമെന്ന് റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

സഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം 2018 ജനുവരി ആഗോള മര്‍ത്തോമാ സഭയിലെ മുഴുവന്‍ ഇടവകകളും സഭാ താരകര്‍ക്ക് കൂടുതല്‍ വായനക്കാരേയും വരിക്കാരേയും കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് തിരുമേനി ഓര്‍മ്മിപ്പിച്ചു.താരക മാസമായ ജനുവരിയില്‍ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും പത്രാധിപ സമിതി അംഗങ്ങളും ഇടവകകള്‍ സന്ദര്‍ശിച്ചു ഇപ്പോള്‍ നിലവിലുള്ള വരിക്കാരുടെ എണ്ണം 21,000 രത്തില്‍ നിന്നും ഇരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും തിരുമേനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സഭയുടെ ഔദ്യോഗീക പ്രസിദ്ധീകരണം എന്ന നിലയില്‍ മെത്രാപ്പോലീത്തായുടെ കത്ത്, സഭാ വാര്‍ത്തകള്‍, അറിയിപ്പുകള്‍ എന്നിവയും പ്രതാധിപ കുറിപ്പുകള്‍, വേദപഠനം, സമകാലീന ചിന്തകള്‍, ആനുകാലിക വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ ലേഖനങ്ങള്‍, കവിതകള്‍, പ്രതികരണങ്ങള്‍ എന്നിവയും താരകയിലൂടെ ലഭ്യമാണ്.പത്തുവരിക്കാരെ ചേര്‍ക്കുന്നവര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഇടവകകളും സ്ഥാപനങ്ങളും സഭാ താരകയുടെ വരിക്കാരായി സഭാ താരക മാസം കൂടുതല്‍ അര്‍ത്ഥവക്താക്കണമെന്നും തിരുമേനി അഭ്യര്‍ത്ഥിച്ചു.