ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ബോണ്ട് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമരസമിതി ഭാരവാഹികള്‍ സമരം പിന്‍വലിക്കുന്നതായി രേഖാമൂലം അറിയിച്ചു.

ചര്‍ച്ചയില്‍ ബോണ്ട് പി.ജി കഴിഞ്ഞ് ആറു മാസവും സൂപ്പര്‍ സ്‌പെഷാലിറ്റി കഴിഞ്ഞ് ഒരു വര്‍ഷവും ആക്കി കുറച്ചു. രണ്ടു വര്‍ഷം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇനി പി.ജി കഴിഞ്ഞ് ഉടന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ചെയ്താല്‍ ഒരു വര്‍ഷം മാത്രം ബോണ്ട് നല്‍കിയാല്‍ മതി.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ സമരസമിതി ഭാരവാഹികള്‍ ഒത്തുതീര്‍പ്പായെന്നും സമരം പിന്‍വലിക്കുകയാണെന്നും അറിയിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ സ്ഥിതി മാറി മറിഞ്ഞു. സമരം പിന്‍വലിച്ചെന്ന് അറിയിച്ച ഭാരവാഹികളെ ചുമതലയില്‍നിന്ന് നീക്കിയ സമരസമിതി സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഭാരവാഹികളായിരുന്ന ഡോ.രാഹുല്‍, ഡോ. മിഥുന്‍ മോഹന്‍, പി.ജി അസോസിയേഷന്‍ പ്രസിഡന്റ് മുനീര്‍, സെക്രട്ടറി രോഹിത് കൃഷ്ണ എന്നിവരെയാണ് പുറത്താക്കിയത്. പിന്നീടാണ് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു യോഗം. പുറത്താക്കിയ ഭാരവാഹികളെയും ഉള്‍പ്പെടുത്തിയാണ് സമരസമിതി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തത്.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രൊമോഷന്‍ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നായിച്ചായിരുന്നു സമരം. സമരത്തിനെതിരേ ആരോഗ്യമന്ത്രി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.