45 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്ക് ‘മഹ്‌റം’ വേണമെന്ന് സൗദി; മഹ്‌റമില്ലാതെ എല്ലാവര്‍ക്കും ഹജ്ജിന് അനുമതിയെന്ന് മോദി

ഡിസംബര്‍ 31ന് നരേന്ദ്ര മോദി നടത്തിയ മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ ഒരു പ്രഖ്യാപനം നടത്തി. ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്ക് ആണ്‍തുണ (മഹ്‌റം-ശരീഅത്ത് നിയമപ്രകാരം കല്യാണബന്ധം ഹറാമായ ആണുങ്ങള്‍) ഇല്ലാതെ അവസരം നല്‍കുമെന്നായിരുന്നു അത്. ഇതേക്കുറിച്ച് ഞാന്‍ ആദ്യം കേട്ടപ്പോള്‍ ഞെട്ടിയെന്നും ഇനി അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും മുസ്‌ലിം സ്ത്രീകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനാണ് തന്റെ ശ്രമമെന്നും പറഞ്ഞ മോദി, ഹജ്ജ് നടക്കുന്നത് സഊദിയിലാണെന്ന കാര്യം മറന്നുപോയോ?

സഊദി നിയമം പരിഷ്‌കരിച്ചത് 2015 ല്‍

മഹ്‌റം സംബന്ധിച്ച് സഊദി നിയമം പരിഷ്‌കരിച്ചത് 2015 ലാണ്. അതുവരെ ‘മഹ്‌റം’ ഇല്ലാതെ ഒരു സ്ത്രീക്കും ഹജ്ജിന് പോവാന്‍ സാധ്യമല്ലായിരുന്നു. 2015 മുതല്‍ 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ‘മഹ്‌റ’മിനെ കൂടാതെ ഹജ്ജ് ചെയ്യാമെന്ന നിര്‍ദേശം വന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ‘ന്യൂ ഹജ്ജ് പോളിസി 2018-22’ ക്ക് ഇന്ത്യ രൂപീകരണം കൊടുത്തപ്പോഴും 45 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്ക് ‘മഹ്‌റം’ വേണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. അഞ്ചംഗ സമിതി ചേര്‍ന്നുണ്ടാക്കിയ പോളിസി മോദി കണ്ടിട്ടില്ലേ? (ഇതു സംബന്ധിച്ച് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട്- ഒക്ടോബര്‍ 8, 2017)

സഊദി അറേബ്യ എംബസി വെബ്‌സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ നിയമം തുടരുന്നത് കടുത്ത അനീതിയാണെന്ന് തോന്നിയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എല്ലാ ലോകരാജ്യങ്ങള്‍ക്കും സഊദി നിര്‍ദേശം ബാധകമാണെന്നിരിക്കെയാണ് മോദിയുടെ പ്രസ്താവന. അമേരിക്ക, കാനഡ അടക്കം എല്ലാ രാജ്യങ്ങളും ഈ നിയന്ത്രണത്തോടെ തന്നെയാണ് തീര്‍ഥാടകരെ അയക്കുന്നത്.