നെടുമ്പാശ്ശേരിയില്‍ 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പൈന്‍ യുവതി പിടിയില്‍

നെടുമ്പാശ്ശേരി: 25 കോടി രൂപയുടെ മയക്കുമരുന്നുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഫിലിപ്പൈന്‍ യുവതി പിടിയിലായി. ഒമാന്‍ എയര്‍വെയ്‌സ് വിമാനത്തില്‍ തിങ്കളാഴ്ച വെകിട്ട് നാലോടെ എത്തിയ ജൊഹന്ന (36) എന്ന യുവതിയാണ് പിടിയിലായത്. 4.800 കിലോഗ്രാം കൊക്കെയ്ന്‍ എന്ന മയക്കുമരുന്നാണ് യുവതിയില്‍നിന്ന് പിടികൂടിയത്. കൈവശമുണ്ടായിരുന്ന ട്രോളി ബാഗിലാണ് ഇവര്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം മയക്കുമരുന്ന് കൈമാറാന്‍ ഇടനിലക്കാരനെ കാത്തിരിക്കുമ്പോഴാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. സംസ്ഥാനത്ത് നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണിതെന്ന് നര്‍കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്നുകടത്ത് സംഘത്തിലെ കാരിയറാണ് പിടിയിലായ യുവതിയെന്നാണ് പ്രാഥമിക നിഗമനം.

ഏജന്റുമാര്‍ക്ക് മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് യുവതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഏജന്റുമാരെ തിരിച്ചറിയാന്‍ പ്രത്യേക കോഡും ഇവരുടെ കൈവശമുണ്ടായിരുന്നു. സാവോപോളോ വിമാനത്താവളത്തില്‍ നിന്നാണ് യുവതി യാത്ര തിരിച്ചത്. അവിടെനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതിയെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പിടിയിലായ മൂന്നാമത്തെ വിദേശിയാണ് ഇവര്‍. കഴിഞ്ഞ മാസം ഒരുകിലോ കൊക്കെയ്‌നുമായി വെനിസ്വേല സ്വദേശിയും നവംബറില്‍ 3.6 കിലോ കൊക്കെയ്‌നുമായി പരാഗ്വേ സ്വദേശിയും നെടുമ്പാശ്ശേരിയില്‍ പിടിയിലായിരുന്നു.