ബി ജെ പി ചാക്കിട്ടു പിടുത്തം തുടങ്ങി ;മേഘാലയയിൽ കളി മാറും

ഷില്ലോങ്: മേഘാലയില്‍ ചാക്കിട്ടു പിടുത്തം മുറുക്കി ബി.ജെ.പി. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബി.ജെ.പിയില്‍ ചേരുന്ന എം.എല്‍.എമാരുടെ എണ്ണം കൂടുകയാണ്. അവസാനമായി മുന്‍ മന്ത്രിയും പ്രമുഖ നേതാവുമായ അലക്‌സാണ്ടര്‍ ഹെക്കാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്.

ഇദ്ദേഹത്തെ കൂടാതെ നാല് നിയമസഭാംഗങ്ങളും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ സ്വതന്ത്രരും ഒരാള്‍ എന്‍.സി.പി പ്രതിനിധിയുമാണ്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎയുടെ കണ്‍വീനര്‍ ഹിമാന്ത ബിസ്വ ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തിലാകും ഈ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുക.

കഴിഞ്ഞ ആഴ്ച്ചയാണ് കോണ്‍ഗ്രസില്‍ നിന്നും അഞ്ചു പേര്‍ ഉള്‍പ്പെടെ എട്ട് എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്നും രാജി വെച്ചത്. രാജി വെച്ചവരില്‍ രണ്ടു പേര്‍ മന്ത്രിമാരാണ്. ഇതോടെ 60 അംഗ നിയമസഭയില്‍ 29 എംഎല്‍എമാരുണ്ടായിരുന്ന സര്‍ക്കാരിന്റെ അംഗബലം 24 ആയി. എങ്കിലും സ്വതന്ത്രരുടെ പിന്തുണയുള്ളതിനാല്‍ സര്‍ക്കാര്‍ വീഴാന്‍ സാധ്യതയില്ല.

മേഘാലയയില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് അമിത് ഷാ ഇവിടെ പാര്‍ട്ടിയുടെ ചുമതല നല്‍കിയിരിക്കുന്നത്.