തമിഴ്‌നാട്ടില്‍ മികച്ച രാഷ്ട്രീയം കൊണ്ടുവരാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് രജനികാന്ത് ;പുതിയ വെബ്‌സൈറ്റും എത്തി

ചെന്നൈ :രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പുതിയ വെബ്‌സൈറ്റ് തുടങ്ങി. രജനിമന്‍ഡ്രം എന്ന പേരിലാണ് ആരംഭിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേരുന്നതിനോടൊപ്പം വെബ്‌സൈറ്റിന്റെ കാര്യവും ട്വിറ്ററിലൂടെ താരം പങ്കുവെച്ചു.എന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തമിഴ്‌നാട്ടില്‍ മികച്ച രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പേരും വോട്ടര്‍ ഐഡി നമ്പറും നല്‍കി വെബ്‌സൈറ്റില്‍ അംഗമാകണം. രജനി ആവശ്യപ്പെട്ടു.അതേസമയം, രജനിയുടെ പാര്‍ട്ടി 2019 തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സഖ്യക്ഷിയായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുയാണ് ബി.ജെ.പി അധ്യക്ഷന്‍ തമിളിസൈ സൗന്ദര്‍ രാജന്‍.

ഞായറാഴ്ച രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനികാന്ത് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സൗന്ദര്‍രാജന്‍ സ്വാഗതം ചെയ്തിരുന്നു. അഴിമതിക്കും സല്‍ഭരണത്തിനും വേണ്ടിയുള്ള രജനിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് സ്വാഗതം, ബി.ജെ.പി ഉയര്‍ത്തുന്ന മുദ്രാവാക്യവും ഇതുതന്നെയാണ് എന്നാണ് സൗന്ദര്‍രാജന്‍ പറഞ്ഞത്.

ഞായറാഴ്ച ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ്. രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ അധികാരക്കൊതിയില്ലെന്നും രജനി വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തു. ഹോളിവുഡ് നടനായ അമിതാഭ് ബച്ചനും പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസനും രജനിക്ക് ആശംസകള്‍ നേര്‍ന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ശേഷമാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. 1996ലാണ് രാഷ്ട്രീയത്തെ സംബന്ധിച്ച വ്യക്തമായ പ്രസ്താവന രജനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ജയലളിത ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയായാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു രജനിയുടെ പ്രസ്താവന.