പ്രധാനമന്ത്രി വിപ്ലവകരമായ നിയമമാണ് നടപ്പാക്കിയതെന്ന് മുത്തലാഖ് കേസിലെ ഹര്‍ജിക്കാരിയും മുത്തലാഖ് ഇരയുമായ ഇശ്രത്ത് ജഹാന്‍

ന്യൂഡല്‍ഹി: മുത്തലാഖ് നിയമത്തിലൂടെ പ്രധാനമന്ത്രി വിപ്ലവകരമായ നിയമമാണ് നടപ്പാക്കിയതെന്ന് മുത്തലാഖ് കേസിലെ ഹര്‍ജിക്കാരില്‍ ഒരാളും മുത്തലാഖ് ഇരയുമായ ഇശ്രത്ത് ജഹാന്‍. താന്‍ വളരെ സന്തോഷവതിയാണെന്നും ഇനി ബിജെപിയുടെ വനിതാ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇശ്രത്ത് ജഹാന്‍ പറഞ്ഞു. ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകത്തിലാണ് ഇശ്രത്ത് ചേര്‍ന്നത്.

ഇശ്രത്ത് ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയെ തുടര്‍ന്നാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ഇത് വിവാദമായി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇശ്രത്ത് ജഹാന്റെ ബിജെപി പ്രവേശനം.

ഇശ്രത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുകയാണെന്നും ജോലി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റ് ലോകേത് ചാറ്റര്‍ജി പറഞ്ഞു. ഇശ്രത്തിന് സഹായമെത്തിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

കോടതി വിധിക്ക് ശേഷം തന്റെ ജീവിതം കൂടുതല്‍ ദുരിതത്തിലായതായി നേരത്തെ ഒരു അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞിരുന്നു. കേസില്‍നിന്ന് പിന്‍മാറാന്‍ നിരവധി ബന്ധുക്കള്‍ നിര്‍ബന്ധിച്ചെന്നും മുസ്ലീംങ്ങളുടെ മത നിയമത്തിനെതിരെ സംസാരിക്കുന്നുവെന്ന് ആരോപിച്ച് അയല്‍വാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇശ്രത്ത് പറഞ്ഞിരുന്നു.