രഞ്ജി : ഡല്‍ഹിയെ തോല്‍പ്പിച്ച് വിദര്‍ഭയ്ക്ക് കന്നിക്കിരീടം

ഇൻഡോര്‍ : കരുത്തരായ ഡല്‍ഹിയെ ഒന്‍പതു വിക്കറ്റിനു തോല്‍പ്പിച്ച് രഞ്ജി ട്രോഫിയില്‍ കന്നി ഫൈനലിസ്റ്റുകളായ വിദര്‍ഭയ്ക്കു കിരീടം. വിജയലക്ഷ്യമായിരുന്ന 29 റണ്‍സ് വിദര്‍ഭ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. രണ്ടാമിന്നിങ്‌സില്‍ ഡല്‍ഹിയെ 280 റണ്‍സിന് വിദര്‍ഭയുടെ ബോളര്‍മാര്‍ കെട്ടുകെട്ടിച്ചിരുന്നു. സ്‌കോര്‍ വിദര്‍ഭ: 547, 32/1, ഡല്‍ഹി: 295, 280. വിദര്‍ഭയുടെ രജനീഷ് ഗുര്‍ബാനി രണ്ട് ഇന്നിങ്‌സിലുമായി എട്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ധ്രുവ് ഷോരെ (142 പന്തില്‍ 62), നിതീഷ് റാണ (113 പന്തില്‍ 64) എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഡല്‍ഹി നിരയില്‍ തിളങ്ങാനായത്. കുനാല്‍ ചന്ദേല (ഒമ്പത്), ഗൗതം ഗംഭീര്‍ (36), റിഷാഭ് പന്ത് (32), ഹിമ്മത് സിങ് (പൂജ്യം), മനന്‍ ശര്‍മ (എട്ട്), വികാസ് മിശ്ര (34), നവ്ദീപ് സൈനി (അഞ്ച്), ആകാശ് സുദന്‍ (18), കെജ്രോലിയ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ഡല്‍ഹി താരങ്ങളുടെ സ്‌കോറുകള്‍.

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 547 റണ്‍സാണെടുത്തത്.അതേസമയം ഹാട്രിക്ക് നേടിയ രജനീഷ് ഗുർബാനിയുടെ ബോളിങ് മികവിലാണ് കരുത്തരായ ഡൽഹിയെ ഒന്നാം ഇന്നിങ്സിൽ 295 റൺസിന് വിദര്‍ഭ പുറത്താക്കിയത്.

രഞ്ജി ട്രോഫി ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഗുർബാനി. 1972–73 കാലഘട്ടത്തിൽ തമിഴ്നാടിന്റെ കല്യാണസുന്ദരമാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 24.4 ഓവറിൽ 59 റൺസ് വഴങ്ങി ഗുർബാനി ആറു വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ധ്രുവ് ഷോറെയുടെ സെഞ്ചുറി മികവിലാണ് (294 പന്തില്‍ 145) ഡൽഹി ഭേദപ്പെട്ട സ്കോറിലെത്തിയത്.