ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3300 കോടി ഡോളര്‍ നല്‍കി യുഎസ് വിഡ്ഢിയാവുകയായിരുന്നെന്ന് ട്രംപ്

വാഷിങ്ടണ്‍:ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3300 കോടി ഡോളര്‍ നല്‍കി യുഎസ് വിഡ്ഢിയാവുകയായിരുന്നെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

നുണകളും വഞ്ചനയും മാത്രമാണ് സഹായധനത്തിനു പകരമായി അമേരിക്കയ്ക്ക് പാകിസ്താനില്‍ നിന്ന് ലഭിച്ചതെന്ന് ട്രംപ് പറഞ്ഞു. പാകിസ്താന്‍ സുരക്ഷിതതാവളം നല്‍കുന്നതിനാല്‍ അഫ്ഗാനിസ്താനിലെ അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സൈദ് ഇക്കൊല്ലം നടക്കുന്ന പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് പാകിസ്താനോടുള്ള നിലപാട് ട്രംപ് വീണ്ടും കടുപ്പിച്ചിരിക്കുന്നത്. മില്ലി മുസ്ലിം ലീഗ് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയാണ് സയീദ് മത്സരത്തിനിറങ്ങാന്‍ ശ്രമിക്കുന്നത്. വീട്ടുതടങ്കലിലായിരുന്ന സയീദിനെ അടുത്തിടെയാണ് പാകിസ്താന്‍ മോചിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ സയീദിന് പങ്കുണ്ടെന്നതിന് തെളിവില്ലെന്നു പറഞ്ഞായിരുന്നു മോചനം.

2002 മുതല്‍ പാകിസ്താന് സഹായധനം നല്‍കുന്നുണ്ട് അമേരിക്ക. ഇനികൊടുക്കാനുള്ള 25.5 കോടി ഡോളര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഭീകരരെ അമര്‍ച്ച ചെയ്യുന്നത് പാകിസ്താന്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് തുക പിടിച്ചുവെച്ചിരിക്കുന്നത്.

അക്രമത്തിന്റെയും കലാപത്തിന്റെയും ഭീകരതയുടെയും ഏജന്റുമാര്‍ക്ക് പാകിസ്താന്‍ പതിവായി സുരക്ഷിതതാവളം നല്‍കുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേറിയത്. താലിബാനും ഹഖാനി ശൃംഖലയ്ക്കും മറ്റു ഭീകരസംഘടനകള്‍ക്കും സൈ്വര്യവിഹാരം നടത്താന്‍ അവസരം നല്‍കുന്നു എന്നാണ് യുഎസ് ആരോപിക്കുന്നത്.

കഴിഞ്ഞയാഴ്ച അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സൈനികരെ സന്ദര്‍ശിച്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ‘പ്രസിഡന്റ് ട്രംപ് പാകിസ്താനെ നോട്ടമിട്ടിട്ടുണ്ട്’ എന്ന് പറഞ്ഞിരുന്നു. ‘കുറേക്കാലമായി പാകിസ്താന്‍ താലിബാനും മറ്റു പല ഭീകരസംഘടനകള്‍ക്കും സുരക്ഷിതതാവളം നല്‍കുകയാണ്. ആ നാളുകള്‍ കഴിഞ്ഞിരിക്കുന്നു’വെന്നാണ് ഡിസംബര്‍ 21ന് അഫ്ഗാനിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പെന്‍സ് പറഞ്ഞത്.

അതേസമയം പാകിസ്താന്‍ എന്താണ് ചെയ്തതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുമെന്ന് വിദേശകാര്യമന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”ട്രംപിന്റെ ട്വീറ്റിന് ഞങ്ങള്‍ ഉടന്‍ മറുപടി നല്‍കും. സത്യം ഞങ്ങള്‍ ലോകത്തോട് വെളിപ്പെടുത്തും. വാസ്തവവും കെട്ടുകഥയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പറയും” ആസിഫ് ട്വീറ്റ് ചെയ്തു.