തടി കുറയ്ക്കാനായി ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റം വരുത്താം

അമിതവണ്ണം ഏവരുടേയും ആത്മവിശ്വാസം കുറയ്ക്കുന്ന ഒന്നാണ്. പലപ്പോഴും ചിലരുടേയെങ്കിലും മുന്നില്‍ തടി കാരണം തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥ പലര്‍ക്കും വന്നിട്ടുണ്ടാവും. ചാടിയ വയറും വര്‍ദ്ധിച്ചുവരുന്ന തൂക്കവും ആത്മവിശ്വാസം മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. വ്യായാമം മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും ഒരുപോലെ ശ്രദ്ധിച്ചാല്‍ മാത്രമേ അമിതവണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളു.തടി കുറയ്ക്കാനായി മാസങ്ങളോളം പട്ടിണി കിടക്കുന്നവരാണ് മിക്കവരും. എന്നാല്‍ പട്ടിണികിടക്കുന്നത് അത്ര നല്ല ശീലമല്ല. അത് ആരോഗ്യത്തിന് ദോഷം മാത്രമേ വരുത്തുകയുള്ളു. അമിതമായി ഭക്ഷണം കഴിച്ചിട്ട് വ്യായാമം ചെയ്തിട്ടും കാര്യമില്ല.

തടി കുറയ്ക്കാനായി ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റം വരുത്താം എന്നു നോക്കാം.കൊഴുപ്പ് എന്ന വില്ലനാണ് ശരീരഭാരം കൂടാന്‍ പ്രധാന കാരണം. ഇതു കുറയ്ക്കാനുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കേണ്ടത്.

പച്ചക്കറികളും പഴവര്‍ഗങ്ങളും
കുറച്ചു നാളത്തേക്ക് ഇറച്ചിയോടും മീനിനോടും ചെറിയൊരകലം കാണിച്ചിട്ട് പച്ചക്കറിയോടൊന്ന് അടുത്തു നോക്കു. പ്രോട്ടീന്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കുമ്പളങ്ങ, മത്തന്‍, ചുരയ്ക്ക, ചെറുവെള്ളരി, പാവയ്ക്ക എന്നിവയെല്ലാം വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. സാലഡായോ ജ്യൂസായോ മറ്റേതെങ്കിലും തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയോ ഇവ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്‍, കൈതച്ചക്ക, സബര്‍ജല്ലി, പേരയ്ക്ക,പീച്ച് എന്നിവ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. വിശപ്പ് വരുമ്പോള്‍ പാക്കറ്റ് ഫുഡും സ്‌നാക്ക്‌സും ഒഴിവാക്കി പഴവര്‍ഗങ്ങള്‍ കഴിച്ചു നോക്കൂ. വണ്ണം കുറയുമെന്നു മാത്രമല്ല ശരീരത്തിന് ഉന്മേഷവും ഉണ്ടാവും.

ജ്യൂസുകള്‍
മിക്കപ്പോഴും ദാഹമകറ്റാന്‍ കോള പോലുള്ള എനര്‍ജി ഡ്രിങ്കുകളെയാണ് നാം സമീപിക്കാറുള്ളത്. അത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പഴച്ചാറുകള്‍ കഴിക്കുന്ന ശീലം ശരീരഭാരം കുറയ്ക്കാന്‍ സഹായിത്തും. കൂടാതെ ചെറുനാരങ്ങ വണ്ണം കുറയ്ക്കുന്ന നല്ലൊരു ഔഷധമാണ്. ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ക്ഷീണം മാറ്റാനും നല്ലതാണിത്. ഗ്രീന്‍ ടീ കുടിക്കുന്നതും വണ്ണം കുറയ്ക്കുന്നതിനുത്തമമാണ്.

പയറുവര്‍ഗങ്ങള്‍
പ്രോട്ടീനിന്റെയും ആന്റി ഓക്‌സൈഡ്‌സിന്റെയും നിറകുടങ്ങളാണ് പയറു വര്‍ഗങ്ങള്‍. പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ് എന്നിവ ഭക്ഷത്തിലുള്‍പ്പെടുത്തുക. രാത്രിയിലെ ഭക്ഷണം ഇവയിലേതെങ്കിലുമൊന്നാവട്ടെ.

വെള്ളം കുടിക്കാം ധാരാളം
ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ധാരാളം വെള്ളം കുടിച്ചോളു. ഭക്ഷണം അമിതമായി കഴിക്കുമെന്ന പേടിയുണ്ടെങ്കില്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിച്ചാല്‍ മതി. ഒന്നിച്ച് ധാരാളം വെള്ളം കുടിക്കുന്നതിനേക്കാള്‍ ഇടയ്ക്കിടയ്ക്ക് കുറച്ചു കുറച്ചായി കുടിക്കുന്നതാണ് ഉത്തമം.