‘ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം; വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം’ :കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി ദിലീപ്

കൊച്ചി: ദിലീപ് വീണ്ടും സിനിമകളുടെ തിരക്കുകളിലേക്ക്.
പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയാണ് ദിലീപിന്റെ വാക്കുകള്‍. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായതെന്ന മുഖവുരയോടെ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററാണ് നടന്‍ പുറത്തിറക്കിയത്. എത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ ആരാധകര്‍ ഒപ്പമുണ്ടെന്നതാണ് ശക്തിയെന്ന് ദിലീപ് പറഞ്ഞു. തുടര്‍ന്നും സ്‌നേഹവും കരുതലും വേണമെന്ന അഭ്യര്‍ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം എന്ന് കുറിപ്പില്‍ പറയുന്നു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരെ,

ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍. എത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി. തുടര്‍ന്നും നിങ്ങളുടെ സ്‌നേഹവും കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും, എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ‘കമ്മാരസംഭവം ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം.