സഭയുടെ ഭൂമി ഇടപാട്: വീഴ്ച്ച പറ്റിയെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട്

കൊച്ചി: എറണാങ്കുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വിവാദത്തില്‍ വീഴ്ച്ചപറ്റിയെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. 34 കോടിയുടെ നഷ്ടം രൂപതയ്ക്കുണ്ടായി. സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ടില് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്‌ക്കെതിരെയും പരാമര്‍ശമുണ്ട്. കര്‍ദിനാള്‍ അറിഞ്ഞുതന്നെയാണ് വിവാദ ഭൂമി ഇടപാടുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.എറണാകുളം നഗരത്തില്‍ കണ്ണായ സ്ഥലങ്ങളിലുള്ള കോടികള്‍ വില മതിക്കുന്ന ഭൂമി നിസാര വിലയ്ക്ക് വിറ്റതാണ് വിവാദമായത്. കാക്കനാട്ട് സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡരികില്‍ 69 സെന്റ്, തൃക്കാക്കര ഭാരത് മാതാ കോളജിന് സമീപം 60 സെന്റ്, തൃക്കാക്കര കൊല്ലംകുടി മുകളില്‍ ഒരേക്കര്‍, മരടില്‍ 54 സെന്റ് എന്നിങ്ങനെയാണ് ഭൂമി കച്ചവടം നടന്നത്.
27 കോടി രൂപ മതിപ്പുവിലയുള്ള സ്ഥലങ്ങളാണ് ഒന്‍പത് കോടിയ്ക്ക് വിറ്റത്. എന്നാല്‍ ബാക്കി തുകയ്ക്ക് കോതമംഗലത്ത് 25 ഏക്കറും മൂന്നാറിന് സമീപം 17 ഏക്കറും ഈടായി വാങ്ങിയെന്നാണ് നല്‍കുന്ന വിശദീകരണം.
കാക്കനാട്ടെ സ്ഥാപനമാണ് സ്ഥലങ്ങള്‍ വാങ്ങിയത്. സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കി 36 പേര്‍ക്കാണ് ഭൂമി കൈമാറിയത്.

ഭൂമി ഇടപാടില്‍ 40 കോടി രൂപ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് നഷ്ടമുണ്ടായെന്നാണ് കമ്മിഷന്റെ പ്രധാന കണ്ടെത്തല്‍. ആറംഗ കമ്മിഷനാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഇന്ന് നടക്കുന്ന വൈദിക സമിതി യോഗത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.