മുത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: മുത്വലാഖ് ബില്ലില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കു മുന്നില്‍ കേന്ദ്രം കീഴടങ്ങിയേക്കുമെന്ന് സൂചന. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്റ് പാനല്‍ കമ്മറ്റി ബില്ലിനെ കുറിച്ച് പഠിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചതിന് ശേഷം അടുത്ത പാര്‍ലമെന്റ് സെഷനിലെ സര്‍ക്കാറിന് പാസാക്കാന്‍ കഴിയൂ. ബില്ലിനെതിരെ ഇന്നും രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ സമവായത്തിന് തയാറാകുന്നത്.

ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ഭരണപക്ഷം കഴിഞ്ഞ ദിവസം ഒറ്റപ്പെട്ടിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായ രംഗത്തെത്തിയ പ്രതിപക്ഷത്തിനൊപ്പം എന്‍.ഡി.എയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ചെറുകക്ഷികള്‍ കൂടി ചേര്‍ന്ന്‌തോടെ ചര്‍ച്ച പോലും ചെയ്യാതെ സഭ പിരിയുകയും ചെയ്തു.